കാലിഫോര്‍ണിയ: ഫോസില്‍ ഇന്ധനത്തിന്റെ ലഭ്യത എത്രകാലമുണ്ടാകുമെന്ന് ലോകം തലപുകയ്ക്കുമ്പോഴാണ് പെട്രോളിയംതന്നെ സമീപഭാവിയില്‍ അപ്രസക്തമാകുമെന്ന പ്രവചനവുമായി പഠനം പുറത്തുവന്നിരിക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങള് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പത്തു വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാവുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം പ്രവചിക്കുന്നത്.
2030ഓടെ ലോകത്തിലെ എണ്ണ വ്യവസായം അവസാനിക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര ഗവേഷകനായ ടോണി സെബ നടത്തിയ പഠനത്തില്‍ പറയുന്നു. വാഹന ഗതാഗതം പൂര്‍ണമായും വൈദ്യുതി പോലുള്ള എണ്ണ ഇതര ഊര്‍ജ്ജങ്ങളിലേയ്ക്ക് മാറുമെന്നും കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2020-2030 കാലത്തെ ഗതാഗത സംവിധാനത്തെക്കുറിച്ചുള്ളതാണ് പഠനം.
പെട്രോളിയം ഉല്പന്നങ്ങള് ഉപയോഗിച്ചുള്ള വാഹനങ്ങള്‍ എട്ടുവര്‍ഷത്തിനുള്ളില്‍ ഇല്ലാതാകും. വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളിലേയ്ക്ക് വാഹന വിപണി അതിവേഗം മാറും. വൈദ്യുതിയോ അതുപോലുള്ള മറ്റ് സാങ്കേതികവിദ്യയോ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉല്പാദനരംഗത്ത് വലിയതോതില്‍ നിക്ഷേപമുണ്ടാകുമെന്നും ടോണി സെബ തന്റെ പഠനത്തില്‍ പറയുന്നു. വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതോടെ പെട്രോളിയം ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ ആര്‍ക്കും വേണ്ടാതാകും. അത് പെട്രോളിയം വ്യവസായത്തെ തന്നെ തകര്‍ക്കുമെന്നും പഠനം പ്രവചിക്കുന്നു.
പരിസ്ഥിതിമലിനീകരണത്തിന്റെ തോത് വളരെയേറെ കുറയുമെന്നതടക്കമുള്ള മറ്റു മെച്ചങ്ങളോടൊപ്പം, ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ മെച്ചങ്ങള്‍ വൈദ്യുതി വാഹനങ്ങള്‍ നല്‍കും. നിലവിലുള്ള പെട്രോളിയം വാഹനങ്ങളുടെ പത്തിലൊന്ന് വിലയില്‍ വൈദ്യുത വാഹനങ്ങള്‍ ലഭ്യമാകുന്നതോടെ ജനങ്ങള്‍ സ്വാഭാവികമായും വൈദ്യുത വാഹങ്ങളിലേയ്ക്കു തിരിയും. ഇന്ധനച്ചിലവ് നാമമാത്രമായിരിക്കും. എണ്ണയിലോടുന്ന വാഹനങ്ങളുടെ ആയുസ്സ് മൂന്നര ലക്ഷം കിലോമീറ്ററാണെങ്കില്‍ വൈദ്യുത വാഹനങ്ങളുടേത് ഏകദേശം 16 ലക്ഷത്തിലധികമായിരിക്കും എന്നതും വൈദ്യുത വാഹനങ്ങള്‍ വരുകാലത്തെ ഗതാഗത രംഗത്തെ മാറ്റിമറിക്കുന്ന സവിശേഷതയായിരിക്കും.
പത്തുവര്‍ഷത്തിനു ശേഷം പെട്രോള്‍ പമ്പുകള്‍ ഇല്ലാതെയാകും. പെട്രോള്‍,ഡീസല്‍ വാഹന മെക്കാനിക്കുകള്‍, സ്പെയര്‍പാര്‍ടുകള്‍ എന്നിവ ലഭ്യമല്ലാതാകും. 2025ഓടെ ഇന്നത്തെ കാറുകള്‍ ആര്‍ക്കും വേണ്ടാതാവുകയും പെട്രോള്‍,ഡീസല്‍ കാര്‍വിപണി നാമാവശേഷമാകുകയും ചെയ്യും. അതോടെ പെട്രോളിയത്തിന്റെ വില കൂപ്പുകുത്തുകയും ചെയ്യും. പെട്രോളിയം വ്യവസായം തന്നെ ഇല്ലാതാകുമെന്നും പഠനം പറയുന്നു.
പരിസ്ഥിതിയെയും ലോക സാമ്പത്തിക രംഗത്തെയും അടിസ്ഥാനപരമായി സ്വാധീനിക്കുന്ന മാറ്റമാണ് പ്രവചിക്കപ്പെടുന്നത്. അതിരുകവിഞ്ഞ പ്രവചനമായി തോന്നാമെങ്കിലും സാങ്കേതികതയുടെ രംഗത്ത് ഇപ്പോള്‍ത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഗതിവേഗം കണക്കിലെടുക്കുമ്പോള്‍ ടോണി സെബയുടെ പ്രവചനങ്ങളെ തള്ളിക്കളയാനും സാധിക്കില്ല. ലോകത്തിലെ പല രാജ്യങ്ങളും വാഹനനിര്‍മാതാക്കളും ഇപ്പോള്‍ത്തന്നെ വൈദ്യുത കാറുകളുടെ മേഖലയില്‍ വലിയ ശ്രദ്ധകൊടുത്തുകൊണ്ടിരിക്കുകയാണെന്ന വസ്തുതയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..