കൊച്ചി: അതിവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ടെന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് തടയുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. കുറ്റം തെളിഞ്ഞശേഷമേ ലൈസന്‍സ് തടയാവൂ എന്നാണ് ആവശ്യം. ഹര്‍ജിയില്‍ കോടതി മോട്ടോര്‍വാഹന വകുപ്പിന്റെ വിശദീകരണം തേടി.

എറണാകുളത്ത് ഡ്രൈവറായ പാലക്കാട് മുതലമട സ്വദേശി സിജോ ജോസഫ് ആണ് ഹര്‍ജിക്കാരന്‍. സിജോ പിന്നോട്ടെടുത്ത കാര്‍ തട്ടി ഒരു സ്ത്രീയുടെ കാലിന്റെ എല്ലൊടിഞ്ഞിരുന്നു. അതിന്റെപേരില്‍ കേസെടുത്തശേഷം നോട്ടീസ് നല്‍കി ഒരുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഹര്‍ജിക്കാരന്‍ നല്‍കിയ വിശദീകരണം നിരസിച്ചുകൊണ്ടായിരുന്നു ഇത്. വിശദീകരണം തള്ളിയതും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതുമായ ഉത്തരവുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അതിവേഗത്തില്‍ വാഹനമോടിച്ചവരുടെ പേരില്‍ നടപടിക്കാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമവ്യവസ്ഥയെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. അതിവേഗ കുറ്റം ചുമത്തപ്പെട്ടവരെയും കുറ്റംതെളിഞ്ഞ് ശിക്ഷിക്കപ്പെട്ടവരെയും ഒരുപോലെ കാണാനാവില്ല. തന്റെപേരില്‍ അതിവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ടിട്ടേയുള്ളൂവെന്ന് ഹര്‍ജിയില്‍ പറയുന്നു.

Content Highlights; Driving licence cancellation, Driving licence, petition against driving licence cancellation