ന്യൂഡല്‍ഹി: നല്ല റോഡിലൂടെ പോകണമെങ്കില്‍ വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടിവരുമെന്നും അതൊഴിവാക്കാനാകില്ലെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗതമന്ത്രാലയത്തിന്റെ ബജറ്റുനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടുനടന്ന ചര്‍ച്ചയ്ക്കു മറുപടിപറയുകയായിരുന്നു അദ്ദേഹം. ധനാഭ്യര്‍ഥന സഭ ശബ്ദവോട്ടോടെ പാസാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍ 21 ഖണ്ഡനപ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും പിന്നീടു പിന്‍വലിച്ചു.

സ്‌കൂള്‍ ബസുകളെയും സംസ്ഥാന ഗതാഗത വകുപ്പിന്റെ ബസുകളെയും ടോളില്‍നിന്ന് ഒഴിവാക്കണമെന്ന എം.പി.മാരുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഗഡ്കരി പറഞ്ഞു. കാര്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളില്‍നിന്നാണ് ടോള്‍ പിരിക്കുന്നത്. ടോള്‍ നല്‍കാന്‍ ശേഷിയുള്ളവരാണ് ഈ വാഹനങ്ങളുടെ ഉടമസ്ഥര്‍. ഈ പണം ഗ്രാമീണ മേഖലകളിലും കുന്നിന്‍മുകളിലും റോഡുനിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്.

ഭൂമിയേറ്റെടുക്കലാണ് റോഡ് പദ്ധതികള്‍ക്കു തടസ്സമാകുന്നത്. ഇതിനുള്ള പരിഹാരം സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. പാതയ്ക്കായി 80 ശതമാനം ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 3.85 ലക്ഷം കോടി രൂപയുടെ 400-ലേറെ പദ്ധതികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു.

അഞ്ചുവര്‍ഷത്തിനിടെ ഈ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചതിലൂടെ മൂന്നുലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി രക്ഷപ്പെടുത്താനായി. ഈ കാലയളവില്‍ 40,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചു -ഗഡ്കരി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍നിന്നു മുംബൈയിലേക്ക് ഹരിത അതിവേഗപാത നിര്‍മിക്കും. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പിന്നാക്ക, ആദിവാസി മേഖലകളിലൂടെ പോകുന്ന പാതയിലൂടെ 12 മണിക്കൂര്‍കൊണ്ട് ഡല്‍ഹിയില്‍നിന്ന് മുംബൈയിലെത്താനാകും. അതിവേഗ പാത പിന്നാക്ക, ആദിവാസി മേഖലകളിലൂടെ പോകുന്നതിനാല്‍ ഭൂമിയേറ്റടുക്കലില്‍ 16,000 കോടി രൂപ ലാഭിക്കാനാകും -മന്ത്രി പറഞ്ഞു.

രാജ്യത്ത് 25 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഓരോ സംസ്ഥാനത്തും ഡ്രൈവിങ് ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിക്കാന്‍ തയ്യാറാണ്. ദേശീയപാതകളില്‍ അപകടം വര്‍ധിക്കുന്നതില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. റോഡുനിര്‍മാണത്തിലെ അപാകങ്ങളും അപകടത്തിനു കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. 2020 ഏപ്രില്‍ ഒന്നോടെ ബി.എസ്.-6 മലിനീകരണ നിയന്ത്രണചട്ടം പാലിച്ചുള്ള വാഹനങ്ങളേ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. 

Content Highlights; people need to pay the toll for good roads- nitin gadkari