മോട്ടോർ വാഹന വകുപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം | Photo: MVD Kerala
അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങള്‍ക്കും മോട്ടോര്‍വാഹനവകുപ്പിന് കൈമാറാം. വാഹനങ്ങള്‍ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി തീവ്രശബ്ദം ഉണ്ടാക്കുക, പൊതുനിരത്തുകളില്‍ അഭ്യാസപ്രകടനവും മത്സരയോട്ടവും നടത്തുക, അതിവേഗത്തിലും അപകടകരമായും ഓടിക്കുക എന്നിവ സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങളും, റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. സാധാരണ നിയമലംഘനങ്ങള്‍ അത്തരം പ്രവൃത്തി ചെയ്യുന്നവരെയും ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ആണ് ബാധിക്കുന്നത്. എന്നാല്‍, അനധികൃത മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലന്‍സറുകള്‍ ഉള്‍പ്പെടെ മാറ്റി ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകള്‍ സഹറോഡുപയോക്താക്കള്‍ എന്ന നിലയില്‍ നിന്നും മാറി വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയായിട്ടുണ്ട്.
ഇത്തരം നിയമലംഘകര്‍ റോഡ് സുരക്ഷക്ക് ഉയര്‍ത്തുന്ന ഭീഷണിക്കു പുറമെ, ഉണ്ടാക്കുന്ന തീവ്രശബ്ദങ്ങള്‍ ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ള ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ തടയാന്‍ ഓപ്പറേഷന് സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് വിഘാതമാകുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്കതിരെ നടപടി സ്വീകരിച്ചു വരികയാണ്.
എന്നാല്‍, പരിമിതമായ അംഗസംഖ്യയുള്ള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൊണ്ടു മാത്രം ഇത്തരം നിയമലംഘനങ്ങള്‍ തടയാനാവില്ല. അതിന് വകുപ്പ് പൊതുജനങ്ങളുടെ സഹായം കൂടി അഭ്യര്‍ഥിക്കുകയാണ്. വാഹനങ്ങള്‍ റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം / മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒമാരെ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നല്കുന്നു.
ഈ നമ്പറുകളില്‍ വിവരം കൈമാറാം:
തിരുവനന്തപുരം - 9188961001
കൊല്ലം - 9188961002
പത്തനംതിട്ട - 9188961003
ആലപ്പുഴ - 9188961004
കോട്ടയം - 9188961005
ഇടുക്കി - 9188961006
എറണാകുളം - 9188961007
തൃശ്ശൂര്‍ - 9188961008
പാലക്കാട് - 9188961009
മലപ്പുറം - 9188961010
കോഴിക്കോട് - 9188961011
വയനാട് - 9188961012
കണ്ണൂര്‍ - 9188961013
കാസര്‍കോട് - 9188961014
Content Highlights: MVD Kerala, Vehicle Modification, Operation Silence, Bike Stunting, Bike Alteration, Modification
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..