മിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കുള്ള പിഴശിക്ഷ കുറച്ചത് നിയമലംഘകര്‍ക്ക് ഗുണകരമെന്ന് ആക്ഷേപം. നിയമലംഘനം നടത്തിയ എത്രയധികം ലോഡ് കയറ്റിയാലും ഒരേ പിഴയാണ് അടയ്‌ക്കേണ്ടിവരികയെന്നതാണ് ക്വാറി ഉടമകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് അനുകൂലമായിമാറുന്നത്. ഇതുമൂലം സര്‍ക്കാരിന് പിഴയിനത്തില്‍ ലഭിക്കേണ്ട വരുമാനം കുറയുകയും പ്രകൃതിചൂഷണം ഉള്‍പ്പെടെയുള്ള നിയമലംഘനം വന്‍തോതില്‍ കൂടുകയും ചെയ്യും.

കേന്ദ്ര മോട്ടോര്‍വാഹന ഭേദഗതി ബില്‍ പ്രകാരം വരുത്തിയ വര്‍ധന ബുധനാഴ്ചയാണ് കുറച്ചത്. ഇതുപ്രകാരം എത്ര ലോഡ് കയറ്റിയാലും പതിനായിരം രൂപമാത്രം പിഴനല്‍കിയാല്‍ മതി. കേന്ദ്ര മോട്ടോര്‍വാഹന ഭേദഗതി നിയമപ്രകാരം 20,000 രൂപയും അധികമായിവരുന്ന ഓരോ ടണ്ണിനും രണ്ടായിരം രൂപയുമാക്കിയിരുന്നു. ഇതാണ് കേരളം ഭേദഗതിയിലൂടെ 10,000 മാത്രമാക്കിയത്.

ഓരോ വാഹനങ്ങള്‍ക്കും എത്രവരെ ലോഡ് കയറ്റാമെന്ന് ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതില്‍ക്കൂടുതല്‍ കയറ്റുമ്പോഴാണ് ഓവര്‍ലോഡായി കണക്കാക്കുന്നത്. നിര്‍മാണമേഖലയിലേക്കുള്ള സാധനങ്ങളാണ് അധികവും ഇത്തരത്തില്‍ കയറ്റിവരാറുള്ളതെന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മരത്തടികള്‍, കരിങ്കല്‍ ഉള്‍പ്പെടെയുള്ള പാറകള്‍, മണ്ണ്, സിമന്റ്, കമ്പികള്‍ തുടങ്ങിയവ കൊണ്ടുപോകുന്നവരാണ് അമിതഭാരം കയറ്റുന്നത്.

1969-ലെ നിയമപ്രകാരമായിരുന്നു ഇതിനെതിരേ പിഴ ഈടാക്കിയിരുന്നത്. അതുപ്രകാരം 2000 രൂപയായിരുന്നു പിഴ. അധികംവരുന്ന ഓരോ ടണിനും 1000 രൂപ പിഴയും ഈടാക്കിയിരുന്നു. ഈ കാലത്തുപോലും 50,000 രൂപവരെ മോട്ടോര്‍വാഹന വകുപ്പ് ഒരു ലോറിയിലെ അമിതഭാരത്തിന് പിഴ ഈടാക്കിയിട്ടുണ്ട്.

2019-ലാണ് കേന്ദ്രം മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കാന്‍ ഭേദഗതി വരുത്തിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വാഹനഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പ് കണക്കിലെടുത്ത് കേന്ദ്രം നിശ്ചയിച്ചിരുന്ന നിരക്ക് ഗണ്യമായിക്കുറച്ചു. ഇത് മണല്‍-ക്വാറി മാഫിയകള്‍ക്ക് ഗുണകരമാകുമെന്നാണ് ആക്ഷേപം.

പിശക് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ തിരുത്തും

അമിതഭാരത്തിനുള്ള പിഴ കുറച്ചതിനെ മന്ത്രിസഭാ തീരുമാനങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് തയ്യാറാക്കിയതിലെ പിശകായാണ് ഗതാഗതവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങുമ്പോഴേക്കും ഈ പിശക് തിരുത്തുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് വക്താക്കള്‍ അറിയിച്ചു.

Content Highlights: Penalty Revise For Vehicle Over Loading