ഡ്രൈവിങ് ലൈസന്‍സ് വേണ്ടെന്നുവെച്ചാലും പിഴ നല്‍കണം. കേന്ദ്രീകൃത ഡ്രൈവിങ് ലൈസന്‍സ് വിതരണ ശൃംഖലയായ 'സാരഥി'യിലേക്ക് സംസ്ഥാനവും കടന്നപ്പോഴാണ് ഈ ഗതികേട്. ഡ്രൈവിങ് തൊഴിലായി സ്വീകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ് എടുത്തവര്‍ ആ ജോലി ഉപേക്ഷിക്കുകയും ഈ ലൈസന്‍സ് പുതുക്കാതിരിക്കുകയും സാധാരണ ലൈസന്‍സ് തുടരുകയും ചെയ്യുന്നു. പിന്നീട് സാധാരണ ലൈസന്‍സ് പുതുക്കാനെത്തുമ്പോഴാണ് പിഴയൊടുക്കേണ്ടിവരുന്നത്. 

ഓട്ടോ, ടാക്‌സി, ബസ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ് വേണ്ടത്. സ്ഥലത്തില്ലാത്തതിനാല്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്കും പിഴ അടയ്‌ക്കേണ്ടിവരുന്നുണ്ട്. ട്രാന്‍സ്‌പോര്‍ട്ട്, സ്വകാര്യവാഹനങ്ങളുടെ ലൈസന്‍സ് കാലാവധിയിലെ വ്യത്യാസമാണ് ഇതിനു കാരണം. ഇവ വെവ്വേറെ പുതുക്കണം. 

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കണം. സ്വകാര്യവാഹനങ്ങളുടേത് 20 വര്‍ഷത്തേക്കോ അല്ലെങ്കില്‍ അപേക്ഷകന്റെ 40 വയസ്സുവരെയോ ആണ് ആദ്യം അനുവദിക്കുന്നത്. ഹെവി, ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സുകളുള്ളവര്‍ക്ക് ആ വിഭാഗംമാത്രം അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടിവരും.

ഡ്രൈവിങ് ജോലി വിടുന്നവര്‍ ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ് ഉപേക്ഷിക്കാറുണ്ട്. ഇതിനൊപ്പമുള്ള ഇരുചക്ര, നാലുചക്ര ലൈസന്‍സ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കും. അവയുടെ കാലാവധി തീരുമ്പോഴാണ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുന്നത്. മൊത്തത്തിലുള്ള പിഴയടയ്ക്കാതെ ഇരുചക്ര, നാലുചക്ര വാഹനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ല. ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ് പുതുക്കാതെ കിടന്ന കാലയളവിലെ മുഴുവന്‍ പിഴയും അടയ്‌ക്കേണ്ടിവരും. ഒരുവര്‍ഷത്തേക്ക് 1000 രൂപയാണ് പിഴ.

വിദേശത്തും മറ്റും ജോലിതേടി പോയവര്‍ നാട്ടിലെത്തുമ്പോള്‍ ഇരുചക്ര ലൈസന്‍സെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സിന്റെയും പിഴനല്‍കണം. മുമ്പ് ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് മൂവ് സംവിധാനത്തില്‍ റദ്ദാക്കുന്ന ലൈസന്‍സുകള്‍ക്ക് പിഴ ഒഴിവാക്കിയിരുന്നു. പുതുക്കിയാല്‍മാത്രം പിഴ നല്‍കിയാല്‍ മതിയായിരുന്നു.

ബാഡ്ജ് വിതരണത്തിലും അപാകമുണ്ട്. ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ബാഡ്ജ് വേണ്ടത്. മുമ്പ് ലൈറ്റ് മോട്ടോര്‍ വിഭാഗത്തിലെ ടാക്‌സി വാഹനങ്ങള്‍ക്കും ബാഡ്ജ് നിര്‍ബന്ധമായിരുന്നു. ഇവയുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ ബാഡ്ജ് റദ്ദാകും. ഇതേ അപേക്ഷകന്‍ വീണ്ടും ഹെവി ലൈസന്‍സിന് അപേക്ഷിച്ചാല്‍ പുതിയ ബാഡ്ജിനും പണം അടയ്‌ക്കേണ്ടിവരും. ഒരിക്കല്‍ റദ്ദാക്കിയ ബാഡ്ജിനാണ് വീണ്ടും അപേക്ഷ നല്‍കേണ്ടിവരുന്നത്.

Content Highlights: Penalty For Abandoning Driving License In Sarathi Software