ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ചതിനെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വിമര്‍ശിച്ചെങ്കിലും സംസ്ഥാനസര്‍ക്കാര്‍ നടപടി തത്കാലം പുനഃപരിശോധിക്കില്ല. കുറഞ്ഞ പിഴതന്നെ ഈടാക്കും. സംസ്ഥാനത്തിന് പ്രത്യേക നിര്‍ദേശം ലഭിക്കുമ്പോള്‍മാത്രം തീരുമാനം പുനഃപരിശോധിക്കാമെന്നാണു സര്‍ക്കാര്‍ നിലപാട്. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിനുള്ള അധികാരമാണ് വിനിയോഗിച്ചിട്ടുള്ളതെന്നാണു വിലയിരുത്തല്‍.

മോട്ടോര്‍വാഹന നിയമത്തിലെ സെക്ഷന്‍ 200 പ്രകാരം പരിശോധനാവേളയില്‍ പിഴയീടാക്കി കുറ്റം തീര്‍പ്പാക്കാനുള്ള അനുമതി സംസ്ഥാനങ്ങള്‍ക്കുണ്ട്. ഇതുപ്രകാരം പിഴ കുറയ്ക്കാന്‍ അധികാരമുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വാദം. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാതിരിക്കുന്നതിന് കേന്ദ്ര നിയമപ്രകാരം 1000 രൂപയാണു പിഴ. കോമ്പൗണ്ടിങ് അധികാരം ഉപയോഗിച്ചുകൊണ്ട് ഇത് 500 രൂപയായി സംസ്ഥാനം കുറച്ചിരുന്നു. ഈ നടപടി നിലനില്‍ക്കുമെന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്.

പിഴനിരക്ക് ഉയര്‍ത്തി ജനരോഷം ഏറ്റുവാങ്ങേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനും. പിഴനിരക്കുകള്‍ അശാസ്ത്രീയമാണെന്ന നിലപാടാണ് സി.പി.എം. ആദ്യംമുതലേ സ്വീകരിക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും കേന്ദ്രഭേദഗതിക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് മുതലെടുത്താണ് കോമ്പൗണ്ടിങ് അധികാരം വിനിയോഗിച്ച് കേരളം പിഴ കുറച്ചത്.

കേന്ദ്ര നിയമഭേദഗതിക്കെതിരേ ഉത്തരവിറക്കാനോ നിയമനിര്‍മാണം നടത്താനോ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെങ്കിലും കേരളത്തിനെതിരേ മാത്രമായി കേന്ദ്രത്തിന് നടപടിയെടുക്കാനാകില്ലെന്നതാണ് ഇതിനു പ്രേരിപ്പിച്ചത്. 

പിഴ കുറച്ച സംസ്ഥാനങ്ങളെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചപ്പോഴും ഇത് പൊതുവായി എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചതാണെന്ന നിലപാടിലേക്ക് എത്താന്‍ സര്‍ക്കാരിന് ധൈര്യമേകിയതും ഇതാണ്. ബംഗാള്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും കേന്ദ്രനിയമം അതേപടി നടപ്പാക്കിയില്ലെന്നതും സംസ്ഥാനസര്‍ക്കാരിനു ബലമേകുന്നു.

Content Highlights: Penalties For Traffic Rule Violations