കൊച്ചി വിമാനത്താവളത്തില്‍നിന്ന് കൊച്ചി മെട്രോയിലേക്ക് തുടര്‍ച്ചയായ യാത്രാ സൗകര്യം ഒരുങ്ങി. വിമാനത്താവളത്തെയും കൊച്ചി മെട്രോയെയും ബന്ധിപ്പിക്കുന്ന പവന്‍ ദൂത് ബസുകള്‍ക്ക് പൂര്‍ണമായും വൈദ്യുതിയാണ് ഇന്ധനം.

കൊച്ചി വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പവന്‍ ദൂത് ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ആദ്യ യാത്രക്കാരന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ ടിക്കറ്റ് നല്‍കി. രാവിലെ അഞ്ച് മുതല്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-1, ടെര്‍മിനല്‍-2 എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള പോയിന്റുകളില്‍നിന്ന് ബസ് സര്‍വീസ് പുറപ്പെടും.

5.40 മുതല്‍ ആലുവയില്‍ മെട്രോ സ്റ്റേഷനില്‍നിന്ന് വിമാനത്താവളത്തിലേക്കും സര്‍വീസ് ഉണ്ടാകും. രാത്രി പത്തിനാണ് അവസാന സര്‍വീസ്. മുപ്പത് സീറ്റുകള്‍, ലഗേജ് സ്ഥലം എന്നിവ ബസിലുണ്ട്.

ആദ്യഘട്ടമായി രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. 40 മിനിറ്റ് ഇടവേളകളില്‍ വിമാനത്താവളത്തില്‍നിന്ന് ആലുവ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും തുടര്‍ച്ചയായി ബസ് സര്‍വീസ് ഉണ്ടാകും. 50 രൂപയാണ് ഒറ്റയാത്രയ്ക്കുള്ള നിരക്ക്.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ എ.എം. ഷബീര്‍, സജി കെ. ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, കൊച്ചി മെട്രോ ഡയറക്ടര്‍മാരായ ഡി.കെ. സിന്‍ഹ, കെ.ആര്‍. കുമാര്‍, വാഹന കരാറുകാരായ മഹാ വോയേജ് മാനേജിങ് ഡയറക്ടര്‍ വിക്രം തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Pavan Dhoot E-Bus; Bus Service From Metro Station To Airport