ഘോഷങ്ങളെല്ലാം മറന്ന കോവിഡ് കാലത്ത് ഒരുമിച്ചുള്ള യാത്രയുടെ വാര്‍ഷികം ആഘോഷിച്ച് ഒരുകൂട്ടം യാത്രക്കാര്‍. കെ.എസ്.ആര്‍.ടി.സി. ബസില്‍ 70 പേരടങ്ങിയ സംഘം ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷമായി. ദിവസം രണ്ട് നേരമുള്ള യാത്ര തീര്‍ത്ത സൗഹൃദം ഈ യാത്രാവാര്‍ഷികം ആഘോഷമാക്കി. കേക്ക് മുറിച്ചും പാടിയും കളിച്ചും ആഘോഷയാത്ര.

മലപ്പുറത്ത് വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന വഴിക്കടവ് മുതലുള്ളവരാണ് ഈ യാത്രാക്കൂട്ടത്തിലുള്ളത്. കോവിഡ് കാലത്ത് മലപ്പുറത്തെ ഓഫീസുകളിലെത്തന്‍ പലരും പ്രയാസപ്പെട്ടു. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. 2020 സെപ്റ്റംബര്‍ 23-ന് വഴിക്കടവില്‍നിന്ന് ബസ്യാത്ര ആരംഭിച്ചു. എട്ടിന് മലപ്പുറത്തേക്ക് പുറപ്പെടുന്ന ബസ് വൈകീട്ട് അഞ്ചിന് വഴിക്കടവിലേക്ക് തിരിക്കും. 70 സ്ഥിരം യാത്രക്കാര്‍. യാത്രക്കാരും ജീവനക്കാരും സംതൃപ്തര്‍.

KSRTC
യാത്രാവാര്‍ഷികത്തിന് കെ.എസ്.ആര്‍.ടി.സി. ബസ് മാതൃകയില്‍ തയ്യാറാക്കിയ കേക്ക് | ഫോട്ടോ: മാതൃഭൂമി

നഷ്ടമില്ലാത്ത സര്‍വീസ് എന്നതില്‍ കെ.എസ്.ആര്‍.ടി.സിക്കും ആശ്വാസം. ഒരുമിച്ച് ഒരു ബസില്‍ രണ്ടുനേരം യാത്രചെയ്ത യാത്രക്കാര്‍ പരസ്പരം ചങ്ങാത്തത്തിലായി. കണ്ടക്ടര്‍ കൃഷ്ണദാസും ഡ്രൈവര്‍ രാജേന്ദ്രനും ഇവരോടൊപ്പം ചേര്‍ന്നിട്ടും ഒരു വര്‍ഷമായി. കളക്ടറേറ്റിലെ ജീവനക്കാര്‍, കോടതി ജീവനക്കാര്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ട്രഷറി, ലോട്ടറി, ബാങ്ക് തുടങ്ങി എല്ലാ മേഖലയിലുമുള്ള ജീവനക്കാര്‍ കൂട്ടത്തിലുണ്ട്.

ഒരുമിച്ചുള്ള യാത്ര കോവിഡ് ഭീതിയും ജോലി ഭാരവുമൊക്കെ മറക്കാനും സഹായിച്ചു. കഴിഞ്ഞദിവസം യാത്രാക്കൂട്ടം ഗംഭീരമായി തന്നെ യാത്രയുടെ ഒന്നാംപിറന്നാള്‍ ആഘോഷിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേയെത്തി ബസ് അലങ്കരിച്ചു. ബലൂണുകള്‍ തൂക്കി. പൂമാലകള്‍ ചാര്‍ത്തി. പാട്ടുപെട്ടിയൊരുക്കി യാത്രക്കാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കനോലി പ്ലോട്ടിന് മുന്നിലിറങ്ങി സംഘചിത്രമെടുത്തു. എന്തുകൊണ്ടും ഉല്ലാസയാത്രയ്ക്ക് സമാനമായ യാത്ര.

Content Highlights: Passengers Celebrated One Year Of KSRTC Bond Service