കെ.എസ്.ആർ.ടി.സി.യിൽ മൂന്നാറിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്തവർക്ക് സ്വകാര്യ ബസ് ഏർപ്പെടുത്തിയതിനാൽ പോകാൻ തയ്യാറാകാതെ നിൽക്കുന്ന യാത്രക്കാർ, യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സ്വകാര്യ ബസിനു പകരം കെ.എസ്.ആർ.ടി.സി.യിൽത്തന്നെ മൂന്നാറിലേക്ക് യാത്രപോകുന്നവർ | ഫോട്ടോ: മാതൃഭൂമി
കെ.എസ്.ആര്.ടി.സി. ബസില്‍ മൂന്നാറിന് 'ഉല്ലാസയാത്ര' പോകാന്‍ ആശിച്ചെത്തിയവരെ നിരാശരാക്കി അധികൃതര്‍. ആനവണ്ടിക്ക് പകരം ഏര്‍പ്പെടുത്തിയത് സ്വകാര്യ ടൂറിസ്റ്റ് ബസ്. ഇതോടെ യാത്രക്കാര്‍ ഇടഞ്ഞു. അധികൃതരുമായി തര്‍ക്കമായി.
സ്വകാര്യ ടൂറിസ്റ്റ് ബസില്‍ വിനോദയാത്ര പോകാന്‍ കെ.എസ്.ആര്.ടി.സി.യുടെ സഹായം ആവശ്യമില്ലെന്നും കെ.എസ്.ആര്.ടി.സി. ബസ് തന്നെ വേണമെന്നും യാത്രക്കാര്‍ ഉറച്ച നിലപാടെടുത്തു. സംസ്ഥാനവ്യാപകമായി ഇപ്പോള്‍ ഉല്ലാസയാത്രയ്ക്കായി സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് ഏര്പ്പാടുക്കുന്നതെന്ന് കെ.എസ്.ആര്.ടി.സി. അധികൃതരും വ്യക്തമാക്കി.
ഇതോടെ തര്‍ക്കം രൂക്ഷമായി. പോലീസെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. ബസ് തന്നെ ഉല്ലാസയാത്രയ്ക്കായി അനുവദിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. രാവിലെ 10-ന് പുറപ്പെടേണ്ടിയിരുന്ന വിനോദയാത്രാ സംഘം 11-ഓടെയാണ് പുറപ്പെട്ടത്.
മലപ്പുറം ഡിപ്പോ തുടങ്ങിയ കെ.എസ്.ആര്.ടി.സി. ബസിലുള്ള മൂന്നാര്‍ ഉല്ലാസയാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതല്‍ ബുക്കിങ് ലഭിച്ചതോടെ ഉല്ലാസയാത്ര സര്‍വീസുകളുടെ എണ്ണവും കൂട്ടിയിരുന്നു.
ആകര്‍ഷണം ആനവണ്ടിയിലെ യാത്ര
ഉല്ലാസയാത്രയുടെ പ്രധാന ആകര്‍ഷണം ആനവണ്ടിയിലെ യാത്രയാണ്. അത് തുടരണം
-മോനിഷ് മക്കരപ്പറമ്പ്, യാത്രക്കാരന്
ബസുകളില്ലാത്തത് പ്രശ്നം
ബസുകളുടെ കുറവു കൊണ്ടാണ് സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഉല്ലാസയാത്രകള്‍ നടത്താന്‍ തീരുമാനിച്ചത്. ഒരു മൂന്നാര്‍ യാത്രയും രണ്ടു ഊട്ടി യാത്രയും സ്വകാര്യ ടൂറിസ്റ്റ് ബസില്‍ നടത്തിയിരുന്നു. ഇനി ശനിയാഴ്ചയാണ് അടുത്ത മൂന്നാര്‍ യാത്ര. അത് കെ.എസ്.ആര്.ടി.സി. എ.സി. ബസില്‍ തന്നെയാണ്.
-വി.എം.എ. നാസര്‍, ഡി.ടി.ഒ. മലപ്പുറം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..