രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ഈ നവംബര്‍ തിരിച്ചടിയുടേതായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.43 ശതമാനമാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. 

2,66,000 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് കഴിഞ്ഞ മാസത്തെ വില്പന. ഇന്ധന വില കൂടിയതും വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഉയര്‍ന്നതുമാണ് വില്പനയെ വിപരീതമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍.

കാര്‍ വില്പനയിലാണ് ഈ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 1,81,435 യൂണിറ്റ് വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം വില്‍ക്കാനായത് 1,79,783 യൂണിറ്റ് കാറുകളാണ്. 

അതേസമയം മൊത്തം ഇരുചക്രവാഹന വില്പനയില്‍ 7.15 ശതമാനം വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്. 16,45,791 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് നവംബര്‍ മാസം മാത്രം നിരത്തിലെത്തിയത്. 

മീഡിയം, ഹെവി ട്രക്കുകളുടെ വില്പന 11 ശതമാനം ഇടിഞ്ഞ് 25,363 യൂണിറ്റായി. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ കണക്ക് പ്രകാരമാണിത്.

Content Highlights: Passenger Vehicles November Sale Drop