ഡ്രൈവിങ്ങ് ലൈസന്‍സ് സംബന്ധമായും വാഹനവുമായി ബന്ധപ്പെട്ടതുമായ ഭൂരിഭാഗം സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനില്‍ സാധ്യമാകുന്നുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സോഫ്റ്റ്‌വെയറായ പരിവാഹനം സേവ എന്ന വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, സേവനങ്ങള്‍ ഓണ്‍ലൈനായതോടെ തട്ടിപ്പ് സംഘങ്ങളും തലപ്പൊക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്.

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വാഹന്‍ എന്ന പോര്‍ട്ടലും ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്ക് സാരഥി എന്ന പോര്‍ട്ടുമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍, ഈ പോര്‍ട്ടുകളുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് വ്യാജന്‍മാരും തട്ടിപ്പിനിറങ്ങിയിട്ടുള്ളത്. പല സേവനങ്ങള്‍ക്കുമായി നിരവധി ആളുകള്‍ ഇത്തരം വ്യാജന്മാരുടെ ചതികുഴിയില്‍ ഇതിനോടകം തന്നെ അകപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ലൈസന്‍സ് പുതുക്കുന്ന സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നിശ്ചിത ഫീസും ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ് ഈ മേഖലയിലേക്ക് വ്യാജന്‍മാരുടെ കടന്നുകയറ്റത്തിന് പ്രധാന കാരണം. പരിവാഹന്‍ വെബ്‌സൈറ്റിന്റെ രൂപത്തില്‍ വ്യാജമായി നിര്‍മിച്ച ഇത്തരം ഡ്യൂപ്ലിക്കേറ്റ് സൈറ്റുകളിലൂടെ അപേക്ഷ ഫീസായി നല്‍കുന്ന പണം തട്ടിയെകുക്കുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. 

എല്ലാ നടപടികളും കൃത്യമായി ചെയ്‌തെന്ന ആത്മവിശ്വാസത്തില്‍ കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് നിരവധി ആളുകള്‍ ഇപ്പോഴും വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ മുഖേന സര്‍വീസുകള്‍ സേര്‍ച്ച് ചെയ്ത സമര്‍പ്പിക്കുന്ന അപേക്ഷകളാണ് പലപ്പോഴും ഇത്തരം വഞ്ചനകളുടെ ഇരകളാകുന്നത്. വ്യാജ സൈറ്റുകള്‍ക്ക് യഥാര്‍ഥ സൈറ്റുമായുള്ള രൂപ  സാമ്യവും സുരക്ഷിതമാണെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതുമാണ് കബളിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. 

തട്ടിപ്പുകാരുടെ ഇരയാകാതിരിക്കാന്‍ ഇത്തരം പോര്‍ട്ടലുകളുടെ ഉപയോഗം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റുകളിലൂടെ ആക്കാനാണ് വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. സേവനങ്ങളുടെ ലിങ്കുകള്‍ ഈ സൈറ്റിലെ സിറ്റിസെന്‍സ് കോര്‍ണര്‍, ഓണ്‍ലൈന്‍ സര്‍വീസ് വഴി നല്‍കിയിട്ടുണ്ട്. വാഹന്‍, സാരഥി പോര്‍ട്ടലുകളുടെ ലിങ്കും ഇതില്‍ കാണാം. ഇത് ഉപയോഗിച്ചാല്‍ വ്യാജന്മാരിലേക്ക് വഴി തിരിയുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Parivahan, Motor Vehicle Department, Online Cheating, MVD Kerala