ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കായി നടത്തിയ പരിശീലന ക്ലാസ് | ഫോട്ടോ: മാതൃഭൂമി
കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിന്‍ഡറുകളും എത്തിക്കുന്നതിന് മുന്നണിപ്പോരാളികളായി തിരഞ്ഞെടുത്ത കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. ആദ്യബാച്ചില്‍ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ 37 ഡ്രൈവര്‍മാര്‍ക്ക് പാലക്കാട്ട് പരിശീലനം നല്കി.
എറണാകുളത്തെ ഐ ഫാസ്റ്റ് ഫയര്‍ ആന്‍ഡ് സേഫ്റ്റിയിലെ ഡയറക്ടര്‍ ശരത്ചന്ദ്രന്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഉലഹന്നാന്, തൃശ്ശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ശശികുമാര്‍, പാലക്കാട് ആര്.ടി.ഒ. ശിവകുമാര്‍ എന്നിവരാണ് പരിശീനം നല്‍കിയത്.
വ്യാഴാഴ്ച രാവിലത്തെ പരിശീലനത്തിനുശേഷം ഓക്സിജന്വിതരണം ചെയ്യുന്ന ഇനോക്സ് എയര്‍ പ്രോഡക്ട് കമ്പനിയും ഡ്രൈവര്‍മാര്‍ക്ക് പരിശീലനംനല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആര്.ടി.ഒ. നല്കുന്ന ലൈസന്‍സും ഇനോക്സ് നല്കുന്ന സേഫ്റ്റി സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്ക് വെള്ളിയാഴ്ചമുതല്‍ സര്‍വീസാരംഭിക്കാന്‍ സാധിക്കുമെന്ന് കെ.എസ്.ആര്.ടി.സി. പാലക്കാട് ഡി.ടി.ഒ. ടി.എ. ഉബൈദ് അറിയിച്ചു.
സംസ്ഥാനത്ത് ഓക്സിജന്‍ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ഓക്സിജന്‍ സിലന്‍ഡറുകള്‍ എത്തിക്കുന്നതിനായി ഡ്രൈവര്‍മാരുടെ കുറവുണ്ടായതിനെത്തുടര്‍ന്ന് വാര്റൂമില്നിന്ന് കെ.എസ്.ആര്.ടി.സി. സി.എം.ഡി. ബിജുപ്രഭാകറിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സി.എം.ഡി. ടാങ്കര്‍ലോറികള്‍ സന്നദ്ധസേവനത്തിന്റെ ഭാഗമായി സര്‍വീസ് നടത്താന്‍ താത്പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറക്കിയതിനുപിന്നാലെ 450 തിലധികംപേരാണ് വിവിധ വിഭാഗങ്ങളില്‍നിന്നും സേവനത്തിലായി താത്പര്യം അറിയിച്ചത്. അതില്‍നിന്നുള്ള ആദ്യ ബാച്ചിലെ 37 ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്.
കെ.എസ്.ആര്.ടി.സി. പാലക്കാട് ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി. സഞ്ജീവ് കുമാര്‍, ഇന്‍സ്പെക്ടര്‍ വാസുദേവന്‍ പി.എം.ഡി. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കൃഷ്ണകുമാര്‍ എന്നിവരാണ് പരിശീലനപരിപാടി ഏകോപിപ്പിച്ചത്.
Content Highlights: Oxygen Transportation; Oxygen Tanker Driver Training For KSRTC Drivers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..