ശ്ചിമബംഗാളില്‍നിന്ന് കേന്ദ്രം അനുവദിച്ച ഓക്‌സിജനുമായി ഒരു എല്‍.എന്‍.ജി. ടാങ്കര്‍ ബുധനാഴ്ച രാത്രി 10.20-ഓടെ വാളയാര്‍ അതിര്‍ത്തിയിലെത്തി. ഒന്‍പത് ടണ്‍ ദ്രവീകൃത ഓക്‌സിജനാണ് ടാങ്കറിലുള്ളത്. പശ്ചിമബംഗാളിലെ സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യയുടെ ബെണ്‍പുര്‍ സ്റ്റീല്‍പ്ലാന്റില്‍നിന്നാണ് ഓക്‌സിജന്‍ നിറച്ച് ടാങ്കറെത്തിയത്. വ്യാഴാഴ്ച രാവിലെ വാഹനം കൊച്ചിയിലെത്തി.

എയര്‍ഫോഴ്‌സ് വിമാനത്തിലാണ് മോട്ടോര്‍വാഹനവകുപ്പ് ഇടപെട്ട് മൂന്ന് എല്‍.എന്‍.ജി. ടാങ്കറുകള്‍ കൊല്‍ക്കൊത്തയ്ക്ക് അയച്ചത്. ഇതില്‍ കഴിഞ്ഞ 17-ന് ഇന്ധനം നിറച്ച് പുറപ്പെട്ട ടാങ്കറാണ് കേരളത്തിലെത്തിയത്. ബുധനാഴ്ച രാത്രി രണ്ട് ടാങ്കറുകള്‍കൂടി ഓക്‌സിജനുമായി കൊല്‍ക്കൊത്തയില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഈ രണ്ടു ടാങ്കറുകളിലും ഒന്‍പത് ടണ്‍ വീതം ദ്രവീകൃത ഓക്‌സിജനുണ്ട്. മൂന്നുദിവസത്തിനുള്ളില്‍ വാഹനങ്ങള്‍ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വാളയാറിലെത്തിയ എല്‍.എന്‍.ജി. ടാങ്കറില്‍ എറണാകുളത്തുനിന്നുള്ള അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. അനീഷിന് പുറമേ വാഹനം ഓടിക്കുന്നതിനായി പി.ബി. ജോബി, പി.ജെ. വിജു, ആന്റണി ജോയി എന്നീ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുമുണ്ട്. എറണാകുളത്ത് എത്തിയശേഷമേ ഏത് ആശുപത്രിയിലെ ആവശ്യത്തിനാണ് ടാങ്കറിലെ ഓക്‌സിജന്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാകൂയെന്ന് എ.എം.വി.ഐ. കെ.എം. അനീഷ് പറഞ്ഞു.

ഒഡിഷ അതിര്‍ത്തിയില്‍ ടാങ്കര്‍ പിടിച്ചെടുക്കാനും ശ്രമം

അഞ്ചു സംസ്ഥാനങ്ങള്‍ താണ്ടി കോവിഡ് അടച്ചിടല്‍കാലത്ത് 2400 കിലോമീറ്റര്‍ യാത്ര അതികഠിനമായിരുന്നെന്ന് ടാങ്കര്‍ ഡ്രൈവര്‍മാരും എ.എം.വി.ഐ. അനീഷും പറയുന്നു. പലപ്പോഴും ഭക്ഷണംപോലും ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ടാങ്കര്‍ പുറപ്പെട്ട അന്ന് രാത്രി 12-ഓടെ ഒഡീഷ അതിര്‍ത്തിയില്‍വെച്ച് ഒഡീഷ പോലീസ് ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തി.

അവിടത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും ടാങ്കറിലെ ഓക്‌സിജന്‍ അവിടെ ഉപയോഗിക്കണമെന്നുമായിരുന്നു ആവശ്യം. ഒടുവില്‍ കേരളത്തിലെ മോട്ടോര്‍വാഹനവകുപ്പിന്റെ ഉന്നതാധികാരികള്‍ ഇടപെട്ടതോടെയാണ് ടാങ്കര്‍ വിട്ടുതന്നത്. പിന്നീട് ആന്ധ്രയിലെ ശ്രീകാകുളത്ത് ടാങ്കര്‍ ലോറി ബ്രേക്ക് ഡൗണായി. 

പിന്നീട് എട്ട് മണിക്കൂറോളം അവിടെ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയശേഷമാണ് യാത്ര തുടരാനായത്. മൂന്ന് ഡ്രൈവര്‍മാരുണ്ടായിരുന്നതിനാല്‍ പെട്രോള്‍ പമ്പുകളില്‍ പ്രാഥമികാവശ്യത്തിനും മറ്റും നിര്‍ത്തിയതൊഴിച്ചാല്‍ വണ്ടി മറ്റൊരിടത്തും നിര്‍ത്താതെ വിശ്രമമില്ലാത്തതായിരുന്നു യാത്ര.

Content Highlights: Oxygen Tanker From West Bengal To Kerala, Travel Experience