പ്രാണവായുവിനായി കോവിഡ് രോഗികള്‍ പരക്കം പായുന്നതിന് പരിഹാരമായി കര്‍ണാടകത്തില്‍ ഓക്‌സിജന്‍ ബസുകള്‍. ഓക്സിജന്‍ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കാനായി സൗകര്യപ്പെടുത്തിയ ബസുകളാണ് പ്രവര്‍ത്തനസജ്ജമായത്. 

ആശുപത്രികള്‍ക്ക് സമീപം നിലയുറപ്പിക്കുന്ന ബസുകളില്‍ സീറ്റുകള്‍ക്ക് പുറകിലായി ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍നിന്നും രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാനുള്ള സജ്ജീകരണവുമുണ്ട്.

ഒരു ബസില്‍ ഒരേസമയം എട്ടു രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സജ്ജീകരണമുള്ള കിടക്കകള്‍ക്ക് ആശുപത്രികളില്‍ ദൗര്‍ലഭ്യം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സജ്ജീകരണങ്ങളുമായി ബസുകള്‍ ഒരുങ്ങുന്നത്.

ഓക്സിജന്‍ ബസുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബെംഗളൂരുവില്‍ നിര്‍വഹിച്ചു. ബെംഗളൂരുവിലെ ഗവ. ആശുപത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടെയും സമീപത്തായി 20 ഓക്‌സിജന്‍ ബസുകള്‍ സജ്ജീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Content Highlights; Oxigen Bus Set Up For Covid Patients By Karnataka Government