വാഹനവില്‍പ്പന ഉള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പിലെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആധാര്‍ അടിസ്ഥാനരേഖയാക്കിയതില്‍ ഗുരുതരപിഴവ്. വാഹനയുടമയുടെ ആധാര്‍ ഉപയോഗിച്ചാണ് അപേക്ഷയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണം സോഫ്​റ്റ്​വെയറിലില്ല. മറ്റാരുടെയെങ്കിലും ആധാര്‍ നമ്പര്‍ നല്‍കിയാലും അപേക്ഷ സ്വീകരിക്കപ്പെടും. ആ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്​വേഡ് ഉപയോഗിച്ച് ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ പൂര്‍ത്തീകരിക്കാം. 

വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ ഉടമയറിയാതെ ഓണ്‍ലൈന്‍ വഴി ഉടമസ്ഥാവകാശം കൈമാറ്റപ്പെടാനുള്ള സാധ്യതയാണ് ഇതിലുള്ളത്. ഉടമയുടെ മൊബൈല്‍ നമ്പറിലേക്കുവരുന്ന ഒറ്റത്തവണ പാസ്​വേഡാണ് ഈ സംവിധാനത്തിലെ ഏക സുരക്ഷാ കടമ്പ. രജിസ്ട്രേഷന്‍ രേഖകളില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കാത്തതും ക്രമക്കേടിന് സഹായകരമാകുന്നുണ്ട്. 

ഉടമയുടെയും വാങ്ങുന്നയാളിന്റെയും ആധാര്‍ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയാല്‍ ക്രമക്കേട് ഒരുപരിധിവരെ തടയാനാകും. ഉദ്യോഗസ്ഥര്‍ക്ക് ഒത്തുനോക്കാനാകും. നിലവിലെ അപേക്ഷാരീതിയില്‍ വാങ്ങുന്നയാളിന്റെ ആധാര്‍ പകര്‍പ്പ് മാത്രമാണ് നിര്‍ബന്ധം. വില്‍ക്കുന്നയാളിന്റെ തിരിച്ചറിയില്‍ രേഖകള്‍ ആവശ്യമില്ല. കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ആധാര്‍ മുഖേനയുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. 

അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല എന്നതാണ് നേട്ടം. നിലവിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ട. വാഹനം വാങ്ങിയ വ്യക്തിയുടെ പേരില്‍ പുതിയ ആര്‍.സി. ലഭിക്കും. ഇടനിലക്കാരെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇത് അട്ടിമറിക്കാന്‍വേണ്ടിയാണ് വേണ്ടത്ര സുരക്ഷയൊരുക്കാത്തതെന്ന് ആക്ഷേപമുണ്ട്. ഉടമസ്ഥാവകാശ കൈമാറ്റത്തിനുപുറമേ, മേല്‍വിലാസം മാറ്റം, വായ്പാവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ റദ്ദാക്കല്‍, നിരാക്ഷേപപത്രം, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി., പെര്‍മിറ്റ് പുതുക്കല്‍ എന്നിവയ്ക്കും ആധാര്‍ ഉപയോഗിച്ച് അപേക്ഷനല്‍കാം.

Content Highlights : Serious error in making Aadhaar the basis for various online services in the Motor Vehicles Department