കേരളത്തില്‍ 2018-ലെ പ്രളയം വീണ്ടും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിപോയി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇത് ഒരുപരിധി വരെ നികത്താന്‍ സാധിച്ചത് ഇന്‍ഷുറന്‍സിന്റെ സഹായത്തോടെയാണ്. 

ഈ വര്‍ഷവും കനത്ത മഴയും വെള്ളപ്പൊക്കവും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി സാധാവാണെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. സാധുവായ പോളിസിയില്ലെങ്കില്‍ കനത്ത നഷ്ടം നേരിടേണ്ടിവരും.

വാഹനത്തിന്റെ ഇന്‍ഷുറന്‍സിന് പുറമെ വീടുകളുടെയും സ്ഥാപനങ്ങളുടേയുമെല്ലാം ഇന്‍ഷുറന്‍സുകളുടെ കാലാവധി അവസാനിക്കാറായോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. പോളിസികള്‍ പുതുക്കാനായി അവസാന ദിവസം വരെ കാത്തിരിക്കാതിരിക്കുക. 

പോളിസിയുടെ തുടര്‍ച്ച നഷ്ടപ്പെട്ടുപോയ കാരണത്താല്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നഷ്ടപ്പെട്ടത് ഒട്ടേറെപേര്‍ക്കാണ്. വീടും വാഹനവും മുങ്ങിപ്പോയതിനാല്‍ പോളിസി പുതുക്കാന്‍ കഴിയാതെ വന്നവര്‍ക്കാണ് ഇങ്ങനെ ബുദ്ധിമുട്ടുണ്ടായത്.

ഇന്‍ഷുറന്‍സ് പ്രീമിയം ഉടമയുടെ സൗകര്യംപോലെ മുന്‍കൂട്ടി പുതുക്കാം. നേരത്തേ കാലാവധി തീരുന്നതിന് ഒരുമാസം മുന്‍പേ പുതുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോള്‍ അത്തരം നിബന്ധനകളൊന്നുമില്ല.