ആംബുലന്‍സുകളുടെ അനധികൃത ഓട്ടം തടയാന്‍ 'ഓപ്പറേഷന്‍ റെസ്‌ക്യു' പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ അനധികൃതമായി ആംബുലന്‍സാക്കി രൂപം മാറ്റിയുള്ള ഉപയോഗം, ആംബുലന്‍സുകള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവ കണ്ടെത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയില്‍ ഇതുവരെ 194 ആംബുലന്‍സുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 2.21 ലക്ഷം രൂപ പിഴ ഈടാക്കുകയുംചെയ്തു.

കര്‍ണാടകയില്‍നിന്നുള്‍പ്പെടെ വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സാക്കി സംസ്ഥാനത്തെത്തിച്ചിരുന്നു. എന്നാല്‍, ഇവയ്‌ക്കൊന്നും രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി ലഭ്യമാക്കിയിരുന്നില്ല. ഒപ്പം ചില ആംബുലന്‍സുകള്‍ക്ക് പ്രവര്‍ത്തനക്ഷമതയില്ലെന്നും ചിലര്‍ രോഗികളെ കൊണ്ടുപോകാനല്ലാത്ത ആവശ്യങ്ങള്‍ക്കും ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതായും മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തി. 

ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ എല്ലാ ജില്ലകളിലെയും ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ഓപ്പറേഷന്‍ റെസ്‌ക്യു പരിശോധനയിലാണ് 194 ആംബുലന്‍സുകള്‍ക്കെതിരേ നടപടിയെടുത്തത്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കുപുറമെ തേയ്മാനം വന്ന ചക്രങ്ങള്‍, കൃത്യമായ സിഗ്‌നല്‍ ലൈറ്റുകള്‍ ഇല്ലാത്തവ, നികുതിയടയ്ക്കാത്തവ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മുമ്പ്, കാറുകളും ആംബുലന്‍സുകളാക്കി മാറ്റിയാല്‍ രജിസ്ട്രേഷന്‍ നല്‍കിയിരുന്നു. വാഹനക്കമ്പനികള്‍ ആംബുലന്‍സായിത്തന്നെ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. അതിനാല്‍, മറ്റു വാഹനം വാങ്ങി രൂപമാറ്റം വരുത്തിയാല്‍ രജിസ്ട്രേഷന്‍ ലഭിക്കില്ലെന്നതാണ് ഇപ്പോഴത്തെ നയം. 

കോവിഡിന്റെ ആദ്യഘട്ടത്തില്‍ ആംബുലന്‍സുകള്‍ക്ക് ആവശ്യം കൂടിയപ്പോള്‍ തത്കാലം ചെറിയവാഹനങ്ങളും ആംബുലന്‍സുകളായി ഓടിക്കാമെന്നു വാക്കാല്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് പലരും കാറുകള്‍വാങ്ങി ആംബുലന്‍സുകളാക്കി രൂപമാറ്റം വരുത്തുന്നതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. കോവിഡ് തുടങ്ങി ഒന്നര വര്‍ഷത്തില്‍ 700 ആംബുലന്‍സുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തിരുന്നത്.

Content Highlights: Operation Rush; MVD Kerala Caught 194 Ambulances Due To Illegal Modification