വാഹനങ്ങള്‍ തോന്നുംവിധം രൂപമാറ്റം വരുത്തിയവരെ പിടികുടാനുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ റാഷില്‍ ആലപ്പുഴ ജില്ലയില്‍ കുടുങ്ങിയത് ഒട്ടേറെ വാഹനങ്ങള്‍. അനധികൃതമായി രൂപമാറ്റം വരുത്തിയ 90 വാഹനങ്ങള്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. രൂപമാറ്റത്തിനൊപ്പം ഇരുചക്രവാഹനങ്ങളിലുള്‍പ്പെടെ നടത്തുന്ന അഭ്യാസങ്ങള്‍ക്കും ഇനി പിടിത്തം വീഴും. ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണു മോട്ടോര്‍ വാഹന വകുപ്പു സ്വീകരിക്കുന്നത്.

ഓരോ ആര്‍.ടി. ഓഫീസ് പരിധിയിലും ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനു പ്രത്യേക സ്‌ക്വാഡുകളെയാണു നിയോഗിച്ചിരിക്കുന്നത്. ചെറിയ വാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍വരെ പരിശോധനാ പരിധിയിലുണ്ട്. വാഹനങ്ങളിലെ ചിത്രപ്പണികളാണു പ്രധാനമായും പരിശോധിക്കുന്നത്. സൈലന്‍സര്‍ മാറ്റി കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നുണ്ട്. 

കാതടിപ്പിക്കുന്ന ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നതും തീവ്രവെളിച്ചമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുന്നതും പിടിക്കപ്പെടുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ഇത്തരം വാഹനങ്ങളെ കണ്ടെത്തുന്നതിനു കര്‍ശനമായ പരിശോധനയാണു നടക്കുന്നത്. പരിശോധനയ്ക്കിടയില്‍ പിടിക്കപ്പെട്ടാല്‍ വലിയ പിഴത്തുക നല്‍കിയാലേ വാഹനം പിന്നീടു നിരത്തിലിറക്കാന്‍ പറ്റൂ. പിഴനല്‍കിയാല്‍മാത്രം പോരാ, വാഹനം പൂര്‍വസ്ഥിതിയിലാക്കുകയും വേണം. 

പരിശോധന കര്‍ശനമായതോടെ പലരും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ മടിക്കുന്നുണ്ട്. ടൗണ്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണു കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്. അതിനാല്‍ പലരും തിരക്കുള്ള സ്ഥലങ്ങളിലേക്കു വാഹനം കൊണ്ടുവരുന്നില്ല. അതിനാല്‍ എല്ലാവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ കര്‍ശന പരിശോധന തുടരുവാനാണു മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം. പോലീസും വാഹന പരിശോധന നടത്തുന്നുണ്ട്.

Content Highlights: Operation Rash By Motor Vehicle Department, Vehicle Checking