പിഴയടയ്ക്കാന്‍ വിസമ്മതിക്കുന്ന അന്തസ്സംസ്ഥാന കോണ്‍ട്രാറ്റ് കാര്യേജ് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി തുടങ്ങി. 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്' എന്ന പരിശോധനയില്‍ ഒട്ടേറെ ബസുകള്‍ പിടികൂടിയിരുന്നു. ആദ്യം പിഴ ഒടുക്കാന്‍ തയ്യാറായവര്‍ ഇപ്പോള്‍ വിസമ്മതിക്കുകയാണ്. 

പ്രത്യേകം ടിക്കറ്റുകൊടുത്ത് യാത്രക്കാരെ കൊണ്ടുപോകുക, അനധികൃത ചരക്ക് കടത്ത്, അതിവേഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ബസുകള്‍ പിടികൂടുന്നത്. സ്റ്റേജ് കാര്യേജായി ഓടുന്നതിന് 5000 രൂപയാണ് പിഴ.

പിഴയടയ്ക്കാന്‍ തയ്യാറാകാത്ത ബസുകള്‍ വീണ്ടും സംസ്ഥാനത്തെത്തുകയാണെങ്കില്‍ യഥാര്‍ഥ പെര്‍മിറ്റില്ലാതെ കടത്തിവിടേണ്ടതില്ലെന്ന് ചെക്ക്‌പോസ്റ്റുകളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ബസുകാര്‍ വീണ്ടും പിഴ അടയ്ക്കുന്നില്ലെങ്കില്‍ പെര്‍മിറ്റ് പിടിച്ചെടുക്കും. 

ഭൂരിഭാഗം ബസുകളും മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. അവിടെനിന്ന് നല്‍കുന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ച് സംസ്ഥാനത്ത് നികുതിയടച്ചാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.

ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഈ പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ സംസ്ഥാനത്തിന് ശുപാര്‍ശ ചെയ്യാം. ഈ അധികാരമാണ് വിനിയോഗിക്കുന്നത്. ആര്‍.ടി. ഓഫീസുകളില്‍നിന്ന് ചെക്ക് റിപ്പോര്‍ട്ടുകള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് (എസ്.ടി.എ.) കൈമാറും. 

നടപടി എടുക്കുന്നതിനുമുമ്പ് എസ്.ടി.എ. സെക്രട്ടറി ബസ്സുടമയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. പിഴ അടയ്ക്കാന്‍ തയ്യറായില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കി റിപ്പോര്‍ട്ട് ബസ് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ അധികൃതര്‍ക്ക് കൈമാറും. ഏറെ സങ്കീര്‍ണമായ ഈ നടപടിക്രമങ്ങള്‍ മുമ്പ് സംസ്ഥാനത്ത് സ്വീകരിച്ചിരുന്നില്ല.

അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മള്‍ട്ടി ആക്സില്‍ ബസുകള്‍വരെ കേരളത്തിലെത്തുന്നുണ്ട്. ഇവയുടെ രജിസ്ട്രേഷന്‍ മേല്‍വിലാസം വ്യാജമാണ്. 

ഇത് കണ്ടെത്തിയതോടെ അരുണാചല്‍പ്രദേശില്‍ രജിസ്റ്റര്‍ചെയ്ത ബസുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ സമ്പാദിച്ച കോടതി ഉത്തരവിന്റെ ബലത്തിലാണ് മിക്ക ബസുകളും ഓടുന്നത്.

Content Highlights: Operation Night Riders For Illegal Interstate Bus Service