മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ ഓണ്‍ലൈനിലേക്ക് മാറുമ്പോഴും ഇടനിലക്കാര്‍ക്ക് ഇടപെടാനുള്ള പഴുതുകളെല്ലാം അതേപടി തുടരുന്നു. പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമുകളില്‍നിന്നും ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ അപേക്ഷനല്‍കേണ്ടത്. ഇത് എപ്പോള്‍ പരിഗണിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. ചില അപേക്ഷകളില്‍ വേഗത്തില്‍ രജിസ്ട്രേഷന്‍ അനുവദിക്കപ്പെടുമ്പോള്‍ മറ്റുള്ളവ കാരണമില്ലാതെ വൈകുന്ന സ്ഥിതിയാണ്.

രജിസ്ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ വേഗം തീര്‍പ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പല ഓഫീസുകളിലും ഇത് നടപ്പാകുന്നില്ല. അപേക്ഷകള്‍ക്ക് മുന്‍ഗണനക്രമം നിശ്ചയിക്കാത്തതാണ് ഇടനിലക്കാര്‍ക്കും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സഹായമാകുന്നത്. ഇടനിലക്കാര്‍ ശുപാര്‍ശചെയ്യുന്ന അപേക്ഷകളില്‍ ഉടന്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്നതായാണ് പരാതി. 

അപേക്ഷകള്‍ മുന്‍ഗണനക്രമത്തില്‍ തീര്‍പ്പാക്കുംവിധം സോഫ്റ്റ്വേറില്‍ മാറ്റംവരുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഇതില്‍ താത്പര്യം കാണിക്കുന്നില്ല. തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള സൗകര്യം കഴിഞ്ഞദിവസം നിലവില്‍വന്നിരുന്നു. ഇതേ ക്രമീകരണം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഉള്‍ക്കൊള്ളിച്ചാല്‍ ക്രമക്കേടുകള്‍ തടയാനാകും. 

വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ നല്‍കുന്നതിന് പകരം ഇടനിലക്കാരുടെയും ഷോറൂം ജീവനക്കാരുടെയും മൊബൈല്‍ നമ്പര്‍ നല്‍കുന്ന രീതിയുമുണ്ട്. രജിസ്ട്രേഷന്‍ ഫീസും നികുതിയും അടക്കം വാഹനത്തിനുവേണ്ടി അടയ്ക്കുന്ന തുകയുടെ വിശദാംശങ്ങള്‍ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസായി ലഭിക്കും. ഇതൊഴിവാക്കാനും അധികത്തുക വാങ്ങുന്നത് വാഹനയുടമ അറിയാതിരിക്കാനുമാണ് മൊബൈല്‍ നമ്പര്‍ മാറ്റുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉള്‍ക്കൊള്ളിച്ചാല്‍ മൊബൈല്‍ നമ്പറില്‍ ക്രമക്കേട് നടത്താന്‍ പറ്റില്ല.

Content Highlights: Motor Vehicle Department Services; Online vehicle registration in Kerala