പൂര്‍ണമായി ഓണ്‍ലൈനിലാക്കിയ സേവനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷവാങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം. ഗതാഗതമന്ത്രിയുടെ ഉത്തരവുപ്രകാരമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. സാങ്കേതിക തടസ്സങ്ങളില്ലാത്ത ഇത്തരം അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടുവാങ്ങി സേവനം നല്‍കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ വകുപ്പില്‍ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കാനുള്ള നീക്കങ്ങള്‍ പകുതിവഴിയിലാണെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. ഓണ്‍ലൈനാക്കിയെന്ന് പ്രഖ്യാപിച്ച പല സേവനങ്ങള്‍ക്കും ഓഫീസില്‍ പോകേണ്ട സ്ഥിതിയിലാണ് ഗുണഭോക്താക്കള്‍. ലൈസന്‍സുമായി ബന്ധപ്പെട്ട 'സാരഥി' സേവനങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ആര്‍.സി.ബുക്കുമായി ബന്ധപ്പെട്ട 'വാഹന്‍' സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.

ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്ന സേവനങ്ങള്‍. ആര്‍.സി.ബുക്കിലെ മേല്‍വിലാസം തിരുത്തല്‍, ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി. നല്‍കല്‍, ഡ്യൂപ്‌ളിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇനിയും ഓണ്‍ലൈനിലായിട്ടില്ല.

ഓഫീസുകള്‍ കടലാസ് രഹിതമാക്കുമെന്ന പ്രഖ്യാപിതലക്ഷ്യത്തിനു വിരുദ്ധമായി രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും ഇതോടൊപ്പമുണ്ട്. ഏതെങ്കിലും അപേക്ഷ തടഞ്ഞുവെക്കുകയോ മടക്കിയയയ്ക്കുകയോ ചെയ്താല്‍ അവയുടെ വിവരങ്ങള്‍ക്കായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. അപേക്ഷ തെറ്റുതിരുത്തി വരുമ്പോള്‍ തീരുമാനമെടുത്ത് തീയതി, സമയം എന്നിവ രേഖപ്പെടുത്തി ചുവന്ന വട്ടംവരച്ച് ഫയല്‍ ക്ലോസ് ചെയ്യണം. ഇങ്ങനെ വട്ടംവരയ്ക്കാത്തവ ഇടയ്ക്കിടെ പരിശോധിക്കണമെന്നും പറയുന്നുണ്ട്. ഇതെല്ലാം ഓണ്‍ലൈനില്‍ ചെയ്യാവുന്നതേയുള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു.

സേവനങ്ങള്‍, അവയുടെ ഫീസ്, നികുതി തുടങ്ങിയ വിവരങ്ങള്‍ എല്ലാ ഓഫീസിലും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. വകുപ്പിന്റെ വെബ്സൈറ്റിന്റെ വിവരങ്ങളും ഓഫീസിലെ മെയില്‍ ഐ.ഡി., മൊബൈല്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തണം. ഫോണ്‍ മുഖാന്തരമോ ഇ-മെയില്‍ വഴിയോ ഉള്ള അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഒന്നിലേറെ ജില്ലകളില്‍നിന്നു ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടുള്ളവരുടെ ലൈസന്‍സ് ഒന്നാക്കുന്നതിനുള്ള ഡീ ഡ്യൂപ്ലിക്കേഷന്‍, ലൈസന്‍സ് ബുക്ക് കൈവശം ഉള്ളവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കുന്നതിനുള്ള ബാക്ക് ലോഗ് തുടങ്ങിയ സേവനങ്ങള്‍ ഇ-മെയില്‍ അപേക്ഷ പരിഗണിച്ച് നടപ്പാക്കണം.

Content Highlights: Online Service In Motor Vehicle Department, Vahan-Sarathi Software