ഡ്രൈവിങ് ലൈസന്‍സിനായി ലേണേഴ്സ് ടെസ്റ്റ് എഴുതി പാസായവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയാക്കാനും കാത്തിരിപ്പ്. കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റ് മാസങ്ങള്‍ക്കുശേഷം പുനരാരംഭിച്ചെങ്കിലും, ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി ഓണ്‍ലൈനായി തിരഞ്ഞെടുക്കാനാവാതെ കഷ്ടപ്പെടുകയാണ് അപേക്ഷകര്‍. അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍ ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിങ് മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിക്കുന്നതാണ് അപേക്ഷകരെ വലയ്ക്കുന്നത്.
മോട്ടോര്‍വാഹനവകുപ്പിന്റെ 'സാരഥി' വെബ്സൈറ്റില്‍ ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് തീയതി തിരഞ്ഞെടുത്താലേ ഡ്രൈവിങ് ടെസ്റ്റ് നടത്താനാവൂ. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തീയതികളിലാണ് ടെസ്റ്റ് നടത്തുന്നത്. ഓരോ ആര്‍.ടി.ഒ. ഓഫീസിനുകീഴിലും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ (എം.വി.ഐ.) എണ്ണത്തിന് ആനുപാതികമായാണ് അപേക്ഷകരുടെ സ്ലോട്ട് ബുക്കിങ് എണ്ണം നിശ്ചയിച്ചിട്ടുള്ളത്.
ഒരു എം.വി.ഐ.യുടെ മേല്‍നോട്ടത്തില്‍ ഒരുദിവസം പരമാവധി 60 അപേക്ഷകരെയാണ് പരിഗണിക്കുക. രണ്ട് എം.വി.ഐ.മാരുണ്ടെങ്കില്‍ 120 അപേക്ഷകര്‍ക്കുള്ള ബുക്കിങ് ക്രമപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും രാവിലെ എട്ടുമണിക്ക് തീയതി തിരഞ്ഞെടുക്കാനുള്ള ബുക്കിങ് ആരംഭിക്കുമെങ്കിലും പത്തുമിനിറ്റിനകംതന്നെ മുഴുവന്‍ സ്ലോട്ടുകളും പൂര്‍ത്തിയാവുകയാണെന്ന് അപേക്ഷകര്‍ പറയുന്നു. നിലവില്‍ മാര്‍ച്ച് വരെയുള്ള തീയതികളിലെല്ലാം ഇപ്പോള്‍ത്തന്നെ ബുക്കിങ് പൂര്‍ത്തിയായി.
ഡ്രൈവിങ് സ്‌കൂളുകാരുടെ തിരക്കും ബുക്കിങ് പെട്ടെന്ന് തീരാന്‍ കാരണമാകുന്നുണ്ട്. തീയതി തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ കളയേണ്ടിവരുന്നുണ്ടെന്നും തീയതി കിട്ടിയാലും ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ പിന്നെയും മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടെന്നുമാണ് അപേക്ഷകരുടെ പരാതി.
അതേസമയം, എം.വി.ഐ.മാരുടെ എണ്ണത്തിനനുസരിച്ചാണ് ടെസ്റ്റിനുള്ള അപേക്ഷകരെ തിരഞ്ഞെടുക്കുന്നതെന്ന് പാലക്കാട് ആര്‍.ടി.ഒ. പി. ശിവകുമാര്‍ പറഞ്ഞു. മുമ്പ് ഒരു എം.വിഐ.ക്കുകീഴില്‍ 40 പേരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, നിലവില്‍ അത് 60 ആക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ പുതിയ അപേക്ഷകരെ കൂടുതല്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Online Learners Licence Test, Driving Licence, Online Learners Test