ഫാസ്ടാഗ് വില്‍പ്പനയെന്ന പേരില്‍ ഓണ്‍ലൈനില്‍ തട്ടിപ്പ് തകൃതി. ഫാസ്ടാഗുകളുടെ അംഗീകൃത വില്‍പ്പന ഏജന്‍സിയായ ഇന്ത്യന്‍ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിനോട് (ഐ.എച്ച്.എം.സി.എല്‍.) സമാനമായ പേരിട്ട സൈറ്റുകളാണ് ഇതിന് പിന്നില്‍. ഫാസ്ടാഗ് എന്ന വാക്കിനോട് സാമ്യമുള്ള പേരിലുള്ള സൈറ്റുകളിലൂടെയും ഒട്ടേറെപ്പേര്‍ വഞ്ചിതരാകുന്നുണ്ട്.

രേഖകളും പണവും ഉപഭോക്താവില്‍ നിന്ന് വാങ്ങി ഫാസ്ടാഗെന്ന പേരില്‍ വ്യാജരേഖ അയച്ചുകൊടുക്കുകയാണ് പതിവ്. പണം വാങ്ങിയ ശേഷം അപേക്ഷ പൂര്‍ത്തിയായില്ലെന്ന കാരണം കാണിച്ചും തട്ടിപ്പ് അരങ്ങേറുന്നുണ്ട്. ഇതിനെതിരേ ബോധവത്കരണവുമായി ദേശീയപാത അതോറിട്ടി രംഗത്തെത്തിയിട്ടുണ്ട്. 

എന്നിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറയാത്തതിനാല്‍ ദേശീയപാത അതോറിട്ടി സംസ്ഥാനങ്ങളുടെയും സേവനം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ ബോധവത്കരണവുമായി േകരള പോലീസും രംഗത്തെത്തിയിട്ടുണ്ട്. ഫാസ്ടാഗ് വ്യാജന്മാരെ സൂക്ഷിക്കുക എന്ന പേരിലാണ് നവമാധ്യമങ്ങളിലൂടെ കേരള പോലീസ് ബോധവത്കരണം നടത്തുന്നത്. 

ഐ.എച്ച്.എം.സി.എലിന്റെ ഔദ്യോഗിക സൈറ്റിലൂടെയോ മൈ ഫാസ്ടാഗ് ആപ്പിലൂടെയോ മാത്രം ഓണ്‍ലൈനായി ഫാസ്ടാഗ് വാങ്ങണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം. ഫാസ്ടാഗ് വില്‍ക്കാന്‍ അനുമതിയുള്ള 23 ബാങ്കുകളിലൂടെയും അവയുടെ അംഗീകൃത വില്‍പ്പന കേന്ദ്രങ്ങളിലൂടെയും വാങ്ങാമെന്നും കേരള പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. തട്ടിപ്പ് കണ്ടെത്തിയാല്‍ 1033 എന്ന ഫോണ്‍ നമ്പറില്‍ പരാതിപ്പെടാമെന്നാണ് ദേശീയപാത അതോറിട്ടി അറിയിക്കുന്നത്.

Content Highlights: Online Fastag Cheating, Online Cheating, Fastag Toll Collection