രേഖാചിത്രം | വര: വിജേഷ് വിശ്വം
ഇന്ധനവില നിലംതൊടാതെ കുതിക്കുമ്പോള്‍ പാലക്കാട് ജില്ലയിലും വൈദ്യുതവാഹനങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നു. ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത വൈദ്യുതവാഹനങ്ങളില്‍ 45 ശതമാനവും നിരത്തിലിറങ്ങിയത് ഇന്ധനവില കുത്തനെ വര്‍ധിച്ച 2021-ലാണ്. കാറുകളും ഇ-റിക്ഷകളും ഇലക്ട്രിക് സ്‌കൂട്ടറുകളുമുള്‍പ്പെടെ 645 വൈദ്യുതവാഹനങ്ങളാണ് ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 295 വാഹനങ്ങളും നിരത്തിലിറക്കിയത് ഈ വര്‍ഷമാണ്. ഇതിനുപുറമേ മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളും പാലക്കാട്ട് ഓടുന്നുണ്ട്.
എന്നാല്‍, ജില്ലയിലോടുന്ന എല്ലാ വൈദ്യുതവാഹനങ്ങള്‍ക്കും കൂടി ഒരൊറ്റ ചാര്‍ജിങ് സ്റ്റേഷന്‍ മാത്രമാണ് നിലവിലുള്ളത്. വീട്ടില്‍നിന്ന് ചാര്‍ജുചെയ്തിറങ്ങിയശേഷം പ്രതീക്ഷിച്ചതില്‍ക്കൂടുതല്‍ വാഹനം ഓടേണ്ടിവന്നാല്‍ ചാര്‍ജുചെയ്യാന്‍ സംവിധാനമില്ലെന്നതാണ് വൈദ്യുതവാഹനങ്ങളുടെ പ്രശ്‌നമെന്ന് ഉപയോക്താക്കള്‍ പറയുന്നു. ജില്ലയില്‍ 92 ഇ-ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ 61 ഓട്ടോറിക്ഷകളും രജിസ്റ്റര്‍ ചെയ്തത് ഈ വര്‍ഷമാണ്. പലര്‍ക്കും വൈദ്യുതവാഹനങ്ങള്‍ വാങ്ങാനുള്ള മടി ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി.യും പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ടും.
വൈദ്യുതവാഹനങ്ങള്‍ കൂടുതല്‍ പാലക്കാട്ട്
വൈദ്യുതിയില്‍ ഓടുന്ന ഇ-ഓട്ടോറിക്ഷകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂടുതലുള്ളത് പാലക്കാട് താലൂക്കിലാണ്. 241 വാഹനങ്ങളാണ് പാലക്കാട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 91 വാഹനങ്ങളും ഈ വര്‍ഷമാണ് പുറത്തിറങ്ങിയിട്ടുള്ളത്. 16 എണ്ണവും ഇ-ഓട്ടോറിക്ഷകളാണ്. ഒറ്റപ്പാലത്ത് 111 വാഹനങ്ങളും പട്ടാമ്പി 97 വാഹനങ്ങളും ആലത്തൂര്‍ 66 വാഹനങ്ങളും മണ്ണാര്‍ക്കാട് 76, ചിറ്റൂര്‍ 54 വാഹനങ്ങളും നിരത്തിലുണ്ട്. ഈ വാഹനങ്ങള്‍ക്കുപുറമേ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അഞ്ച് ഇ-കാറുകളും ഷൊര്‍ണൂര്‍ നഗരസഭ ഒരു ഇ-കാറും ഉപയോഗിക്കുന്നുണ്ട്.
വരും അഞ്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍
നിലവില്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിനോടുചേര്‍ന്നാണ് ജില്ലയിലെ ഏക ചാര്‍ജിങ് സ്റ്റേഷന്‍ ഉള്ളത്. 80 കിലോവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ഈ സ്റ്റേഷനുപുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് അഞ്ച് സ്റ്റേഷനുകള്‍ തുടങ്ങാനാണ് അനര്‍ട്ടിന്റെയും കെ.എസ്.ഇ.ബി.യുടെയും തീരുമാനം.
ഇതില്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളി ബസ്സ്റ്റാന്‍ഡില്‍ ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒപ്പം ചിറ്റൂര്‍-തത്തമംഗലത്തും നഗരസഭയുമായി ചേര്‍ന്ന് സ്റ്റേഷന്‍ തുടങ്ങാനുള്ള ചര്‍ച്ച നടക്കുകയാണെന്നും ഇനിയും രണ്ട് സ്റ്റേഷന്‍കൂടി സ്ഥാപിക്കുമെന്നും അനര്‍ട്ട് അധികൃതര്‍ പറയുന്നു.
വ്യക്തികള്‍ക്കും തുടങ്ങാം
സ്വകാര്യവ്യക്തികള്‍ക്ക് ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടിയും അനര്‍ട്ടിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 50 കിലോവാട്ട് വരെ വൈദ്യുതി ഉദ്പാദിപ്പിക്കാവുന്ന സ്റ്റേഷനാണ് തുടങ്ങാനാവുക. തുടങ്ങാനുള്ള ചെലവിന്റെ 40 ശതമാനം സബ്സിഡിയും ലഭിക്കും. മാളുകളുടെയോ ഭക്ഷണശാലകളുടെയോ അടുത്താണ് കേന്ദ്രം തുടങ്ങാന്‍ അനുമതിയുണ്ടാവുകയെന്നും അധികൃതര്‍ പറയുന്നു.
Content Highlights: One Electric Charging Station For 645 E-Vehicles at Palakkad, Electric Vehicle Charging Station
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..