തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ നികുതിയും ഓണ്‍ലൈനായി മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി അടയ്ക്കാനുള്ള സംവിധാനം നിലവില്‍ വന്നു. ട്രാന്‍സ്പോര്‍ട്ട്, സ്വകാര്യവാഹനങ്ങളുടെ നികുതിയും സ്വീകരിക്കും. പുതിയ വാഹനങ്ങളുടെ നികുതി മാത്രമാണ് മുമ്പ് ഓണ്‍ലൈനില്‍ സ്വീകരിച്ചിരുന്നത്. പഴയവാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ ഓഫീസുകളിലെ കൗണ്ടറുകളില്‍ എത്തണമായിരുന്നു.
      
ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടിലിരുന്നും നികുതി അടയ്ക്കാം. ഇതിനു സൗകര്യമില്ലാത്തവര്‍ക്കായി അക്ഷയ സെന്ററുകളും ഇ-സേവന കേന്ദ്രങ്ങളും ഇതിനായി ഉപയോഗിക്കാം. സ്വകാര്യവാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും അടിസ്ഥാന വിവരങ്ങളും നല്‍കണം. ഉടമയ്ക്ക് താത്കാലിക രസീത് ലഭിക്കും. 

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക്, ഓണ്‍ലൈന്‍ പെയ്മെന്റ് സമയത്ത് വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി, തൊഴിലാളി ക്ഷേമനിധി എന്നിവയുടെ വിവരങ്ങള്‍ നല്‍കണം. ഇതിന്റെ സാധുത പരിശോധിച്ചതിന് ശേഷമേ ടാക്‌സ് രസീത് ലഭിക്കുകയുള്ളൂ. ഇതിന് ഏഴുദിവസത്തെ സാവകാശം വേണം. ഈ കാലയളവിനുള്ളിലും ടാക്‌സ് രസീത് ലഭിച്ചിട്ടില്ലെങ്കില്‍ വാഹന ഉടമ ബന്ധപ്പെട്ട ആര്‍.ടി.ഓഫീസുമായി ബന്ധപ്പെടണം. 

ഇന്‍ഷുറന്‍സ്, ക്ഷേമനിധി, ഫിറ്റ്നസ് രേഖകള്‍ കൃത്യമാണെങ്കില്‍ മാത്രമേ അന്തിമരേഖ ലഭിക്കുകയുള്ളൂ. വാഹന ഉടമയുടെ ഇ-മെയിലിലൂടെയും നികുതി രസീത് ലഭിക്കും. എസ്.ബി.ഐ.ക്ക് പുറമെ, ഫെഡറല്‍, കാനറ, കോര്‍പ്പറേഷന്‍, ഐ.ഡി.ബി.ഐ. ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമടയ്ക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ എസ്.ബി.ഐ. മാത്രമാണുണ്ടായിരുന്നത്. ഇ-ട്രഷറി പോര്‍ട്ടല്‍ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെട്ടത്.