ആലപ്പുഴ: പതിനാറുവര്‍ഷമായി ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍വശം വഴിമുടക്കി റോഡില്‍ കിടന്ന റോഡ് റോളര്‍ ലേലം കൊണ്ടു. 90,000 രൂപയ്ക്ക് കുമാരപുരത്തുള്ള എന്‍.സുബീര്‍ ആണ് റോളര്‍ ലേലത്തിലെടുത്തത്. റോളര്‍കൊണ്ട് ഇനി യാതൊരു ഉപയോഗവും ഇല്ലെന്നും ആക്രിയാക്കാനേ കൊള്ളൂവെന്നും സുബീര്‍പറഞ്ഞു.
 
ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ വഴിമുടക്കി റോഡിന് സമീപം കിടക്കുന്ന റോഡ് റോളറിന്റെ വാര്‍ത്ത മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് കീഴിലുള്ള റോഡ് റോളര്‍ (ജി.ആര്‍.ഡബ്‌ള്യൂ.-7039141)  രണ്ടു തവണ ലേലത്തിന് വെച്ചെങ്കിലും ലേലംകൊള്ളാന്‍ ആരും വന്നില്ല. 

റോളര്‍ മറ്റെവിടേക്കെങ്കിലും കൊണ്ട് പോകാനാവാത്തതുകൊണ്ട് റോഡില്‍ തന്നെയിട്ട് പൊളിക്കാനാണ്  തീരുമാനം.

കളക്ടറേറ്റിലുമുണ്ട് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍

car
കളക്ടറേറ്റ് വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലൊന്ന്‌

ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ തുരുമ്പിച്ച് കിടക്കുന്നത് അഞ്ച് വാഹനങ്ങള്‍. നാല് കാറും ഒരു ജീപ്പുമാണ് കളക്ടറേറ്റ് വളപ്പില്‍ കിടക്കുന്നത്. പുതിയ വാഹനങ്ങള്‍ ലഭിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതാണ് ഇതില്‍ ഒരു കാര്‍. മറ്റുള്ളവ എന്‍ജിന്‍ തകരാറു മൂലവും.  ജലസേചന വകുപ്പ്, ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ്, ഗ്രാമ വികസന വകുപ്പ് എന്നിവയുടെ വാഹനങ്ങളാണ് വര്‍ഷങ്ങളായി കളക്ടറേറ്റ് വളപ്പില്‍ വിശ്രമിക്കുന്നത്. കളക്ടറേറ്റിന്റെ രണ്ട് അംബാസിഡര്‍ കാറുകള്‍ ഓണ്‍ലൈനായി ലേലം ചെയ്യാനാണ് തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ കാര്‍ ഉപയോഗശൂന്യമായിട്ട് പത്തുവര്‍ഷമാകാത്തതിനാല്‍ ലേലം ചെയ്യാനും വയ്യ. മറ്റ് വാഹനങ്ങള്‍ക്കുള്ള ലേല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

Content Highlights; Old road roller near alappuzha boat jetty auctioned