ക്ലാസ്മുറിയാക്കാൻ പോകുന്ന ബസിനരികിൽ കേരള സർവകലാശാല കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് പഠനവകുപ്പ് മേധാവി അച്യുത് ശങ്കർ എസ്.നായർ | ഫോട്ടോ: മാതൃഭൂമി
വര്‍ഷങ്ങളോളം യുവത്വത്തിന്റെ പ്രതീക്ഷകളും പേറിയോടിയ ആനവണ്ടി വിശ്രമകാലത്തും യുവസ്വപ്നങ്ങള്‍ക്കു തുണയാകും. കാര്യവട്ടം സര്‍വകലാശാല കാമ്പസിലെ കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് പഠനവകുപ്പില്‍ ക്ലാസ്മുറിയാകാന്‍ ഒരുങ്ങുകയാണ് പഴയകാലത്തെ കെ.എസ്.ആര്.ടി.സി. ബസ്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഓട്ടം മതിയാക്കിയ ബസാണ് ക്ലാസ്മുറിയാക്കുന്നത്.
പാപ്പനംകോടുനിന്ന് ക്രൈനിന്റെ സഹായത്തോടെയാണ് ബസ് കാമ്പസില്‍ എത്തിച്ചത്. ക്ലാസ്മുറികള് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമാക്കണമെന്ന ലക്ഷ്യത്തോടെ വകുപ്പ് മേധാവി ഡോ. അച്യുത് ശങ്കര്‍ എസ്.നായരാണ് ബസിലൊരു ക്ലാസ്മുറി എന്ന ആശയം അവതരിപ്പിച്ചത്.
തീവണ്ടിയുടെ ഒരു ബോഗി കൊണ്ടുവരണമെന്നായിരുന്നു ആദ്യത്തെ ആശയം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ളതിനാല്‍ അതിനു പകരം ബസ് എന്ന ആശയത്തിലേക്കു മാറി. നാലുവര്‍ഷം മുന്‍പ് ബസ് വേണമെന്നുകാട്ടി കെ.എസ്.ആര്.ടി.സി.ക്ക് അപേക്ഷ നല്കി. നടപടിയൊന്നും ഉണ്ടായില്ല. ഒരു മാസം മുന്‍പ് കെ.എസ്.ആര്.ടി.സി. എം.ഡി. ബിജു പ്രഭാകറിനു കത്ത് നല്‍കുകയും അഞ്ചു ദിവസത്തിനകം ബസ് അനുവദിക്കുകയുമായിരുന്നു.
ആക്രിയായി വിറ്റാല്‍പോലും ഒന്നോരണ്ടോ ലക്ഷം രൂപ കിട്ടാന്‍ സാധ്യതയുള്ള ഈ ബസ് സൗജന്യമായാണ് കെ.എസ്.ആര്.ടി.സി. വിട്ടുകൊടുത്തത്. ക്രൈനില്‍ വലിച്ചുകൊണ്ടുവരാനുള്ള ചെലവ് മാത്രമാണ് പഠനവകുപ്പ് വഹിച്ചത്. ബസിന്റെ ഉള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വിളക്കും ഫാനുകളും സ്ഥാപിക്കും. ഒരുമാസത്തിനകം ക്ലാസ്മുറികള് പ്രവര്‍ത്തിച്ചു തുടങ്ങും. ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കെട്ടിടത്തിന്റെ മുന്നിലാണ് ബസ് നിര്‍ത്തിയിട്ടിരിക്കുന്നത്.
Content Highlights: Old KSRTC bus changed as classroom for university students, KSRTC Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..