.jpg?$p=1fbdfcf&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വര്‍ധിപ്പിച്ച യാത്രക്കൂലി ഈടാക്കാന്‍ വൈകിയതിലൂടെ കെ.എസ്.ആര്.ടി.സിക്ക് കോടികളുടെ നഷ്ടം. ടിക്കറ്റ് നിരക്കുവര്‍ധന മേയ് ഒന്നിന് നിലവില്‍ വന്നെങ്കിലും ഒട്ടേറെ ബസ്സുകളില്‍ ഇപ്പോഴും പുതിയ നിരക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നു മുതല്‍ ഒരാഴ്ച ഭൂരിഭാഗം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്സ് ബസ്സുകളും പഴയ നിരക്കിലാണ് സര്‍വീസ് നടത്തിയത്.
ഇതുവഴി പ്രതിദിനം 30 ലക്ഷം രൂപയുടെ നഷ്ടം കെ.എസ്.ആര്.ടി.സിക്ക് ഉണ്ടായതായാണ് കണക്ക്. പുതിയ യാത്രാനിരക്കിന്റെ പട്ടിക തയ്യാറാക്കുന്നതില്‍ ഓപ്പറേറ്റിങ് വിഭാഗം മേധാവികള്ക്കുണ്ടായ വീഴ്ചയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കോര്പ്പറേഷന് കോടികള്‍ നഷ്ടമുണ്ടാക്കിയത്.
ആര്യങ്കാവ് യൂണിറ്റിലെ തിരുവനന്തപുരം-ആര്യങ്കാവ്, പന്തളം യൂണിറ്റിലെ തിരുവനന്തപുരം-കായംകുളം-പന്തളം, എറണാകുളം ഡിപ്പോയില്‍നിന്നുള്ള കമ്പംമെട്ട്, കോവിലൂര്‍, ഈരാറ്റുപേട്ട, മൂന്നാര്‍, കുമളി, നെടുങ്കണ്ടം തുടങ്ങിയ ഒട്ടേറെ ഫാസ്റ്റ് പാസഞ്ചറുകള്‍ പഴയ നിരക്കിലാണ് ഇപ്പോഴും സര്‍വീസ് നടത്തുന്നത്.
ഒരേ ദൂരത്തേക്ക് രണ്ട് ഡിപ്പോകളിലെ ബസ്സുകളില്‍ രണ്ടു നിരക്കും നിലവിലുണ്ട്. മുന്‍കാലങ്ങളില്‍, എല്ലാ റൂട്ടുകളിലേക്കും പുതിയ യാത്രക്കൂലിയുടെ പട്ടിക തയ്യാറാക്കി ചാര്‍ജ് വര്‍ധന നിലവില്‍ വരുന്ന ദിവസം അര്‍ദ്ധരാത്രി മുതല്‍ ഈടാക്കുമായിരുന്നു. ഇത്തവണ ഒരാഴ്ച കഴിഞ്ഞാണ് സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍പ്പോലും ഭാഗികമായി പുതിയനിരക്ക് നടപ്പാക്കിയത്.
ഡ്യൂട്ടി സറണ്ടര്‍ തുക കൂട്ടി
കോവിഡ് പ്രതിസന്ധിക്കുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ജീവനക്കാരുടെ ഡ്യൂട്ടി സറണ്ടര്‍ തുകകൂട്ടി കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ കുറവുമൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. വിവിധ യൂണിയനുകള്‍ ഡ്യൂട്ടി സറണ്ടര്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പുതിയ ഉത്തരവുപ്രകാരം കണ്ടക്ടറുടെ ഡ്യൂട്ടി സറണ്ടര്‍ തുക 600-ല്‍നിന്ന് 900 രൂപയും ഡ്രൈവറുടേത് 630-ല്‍ നിന്ന് 925 രൂപയുമാക്കി. പതിവ് ഡ്യൂട്ടിയുടെ തുടര്‍ച്ചയായി അധികസമയം ജോലി ചെയ്യുന്നവര്‍ക്കാണ് അനുകൂല്യം ലഭിക്കുന്നത്. പൂര്‍ണമായും ഓപ്പറേറ്റുചെയ്ത ഷെഡ്യൂളുകള്‍ക്ക് മാത്രമേ ഡ്യൂട്ടി സറണ്ടറുള്ളൂ. പ്രതിദിനം ഒരു അടിസ്ഥാന ഡ്യൂട്ടി ഇവര്‍ നിര്‍ബന്ധമായി ചെയ്തിരിക്കണം.
അടിസ്ഥാന ഡ്യൂട്ടി കൂടാതെ 12 മണിക്കൂര്‍ സ്പാന്‍ ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടര്‍ക്ക് ആദ്യ ഏഴുമണിക്കൂറിന് 900 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 150 രൂപ വീതവും നല്‍കും. ഡ്രൈവര്‍മാര്‍ക്ക് ആദ്യ ഏഴ് മണിക്കൂറിന് 925 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 160 രൂപയും സറണ്ടര്‍ തുകയായി ലഭിക്കും. പുതിയ ഉത്തവിനെ പ്രധാന യൂണിയനുകളെല്ലാം സ്വാഗതം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..