ന്യൂഡല്‍ഹി: മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത കാര്‍ ഓടിക്കുമെന്ന് ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല. അന്തരീക്ഷ മലിനീകരണത്തിനെതിരെ ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഈ നീക്കമെന്ന് ഒല സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു.

ഒലയുടെ ഈ നീക്കം വൈദ്യുത കാര്‍ വില്പനയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതൊക്കെ നഗരങ്ങളിലാണ് വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കേണ്ടതെന്നതിനെക്കുറിച്ച് വൈകാതെ തീരുമാനിക്കുമെന്ന് ഭവീഷ് പറഞ്ഞു. ഇവിടെ നിന്നുള്ള പ്രതികരണം അറിഞ്ഞതിനു ശേഷമായിരിക്കും കൂടുതല്‍ നഗരങ്ങളില്‍ ഇതുള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുക.

ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് 10 ലക്ഷം വൈദ്യുത കാറുകള്‍ സര്‍വീസിന് ഉപയോഗിക്കാന്‍ ഒലയ്ക്ക് പദ്ധതിയുണ്ടെന്ന് സോഫ്റ്റ് ബാങ്ക് കോര്‍പറേറ്റ് ചെയര്‍മാന്‍ മസയോഷി സണ്‍സ് കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിരുന്നു. ജപ്പാന്‍ കമ്പനിയായ സോഫ്റ്റ് ബാങ്ക് ഒലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ട് ഈ ആശയവുമായി അദ്ദേഹം പ്രധാനമന്ത്രിയെയും കണ്ടിരുന്നു.