ഗുര്‍ഗോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കളിപ്പാട്ട നിര്‍മാണ കമ്പനിയായ ഒകെ പ്ലേ വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ വഴി അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാന്‍ ഇലക്ട്രിക് വാഹനങ്ങളുമായാണ് ഒകെ പ്ലേ രംഗത്തെത്തുന്നത്. ഇരുചക്ര വാഹനങ്ങളില്‍ പുതിയ ചരിത്രത്തിന് തുടക്കമിടുന്ന ആദ്യ കാല്‍വെയ്പ്പില്‍ ആറ് ഇലക്ട്രിക് ബൈക്കുകളാണ് ഒകെ പ്ലേ പുറത്തിറക്കിയത്. E Bravo, E Letriko, M-Ezee, Self E, Funk E, E Trend എന്നിവയാണ് ഇവ. ഇതിനൊപ്പം ചെലവ് കുറഞ്ഞ രണ്ട് ഇലക്ട്രിക് റിക്ഷകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 

Ok Play

എന്നാല്‍ നിരത്തിലിറങ്ങാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ ഇരുചക്ര വാഹനങ്ങള്‍ വിപണിയിലെത്തു. വേരിട്ട രൂപത്തില്‍ നിര്‍മിച്ച ഇ-റിക്ഷകള്‍ ഉടന്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 1.25-1.50 ലക്ഷത്തിനുള്ളിലാണ് ആദ്യ ഘട്ടത്തില്‍ അവതരിപ്പിച്ച വാഹനങ്ങളുടെ വില. പുതിയ ഇ-രാജ ബ്രാന്‍ഡിന് കീഴിലാണ് പാസഞ്ചര്‍-വാണിജ്യ വാഹനങ്ങള്‍ കമ്പനി പുറത്തിറക്കുക. പൂര്‍ണമായും സ്വതന്ത്രമായാണ് വാഹനത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും. ഉയര്‍ന്ന നിലവാരമുള്ള പ്ലാസ്റ്റിക് മെറ്റീരിയല്‍ കൊണ്ടാണ് ഇവയുടെ ബോഡി ഭൂരിഭാഗവും നിര്‍മിച്ചത്. ഭാരം വലിയതോതില്‍ കുറയ്ക്കാനും ഇത് സഹായകരമായി. 

Ok Play

2030-ഓടെ നൂറ് ശതമാനം ഇ-മൊബിലിറ്റി രാജ്യം യാഥാര്‍ഥ്യമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയത്. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്നവയാണ്‌ ഇ-സ്‌കൂട്ടറുകള്‍. മണിക്കൂറില്‍ 40 കിലോമീറ്ററാണ് പരമാവധി വേഗത. വീടുകളിലെ സാധാരണ പ്ലഗ് പോയിന്റില്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ ചാര്‍ജിങ് സോക്കറ്റ്. വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേര്‍സ് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൊല്‍ക്കത്ത, കട്ടക്ക്, ഗുവാഹത്തി, സൂരറ്റ്, കുരുക്ഷേത്ര എന്നീ നിര്‍മാണ ശാലകളിലാണ് ഇ-വാഹനങ്ങളുടെ നിര്‍മാണം നടക്കുക.

നിലവില്‍ 16 ഡീലര്‍മാരാണ് ഒകെ പ്ലേക്കുള്ളത്‌, എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇത് 1500 എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്, ഇതിനൊപ്പം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ് കമ്പനി. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റി അയക്കാനും ഒകെ പ്ലേയ്ക്ക് പദ്ധതിയുണ്ട്. കൂടുതല്‍ സൗകര്യപ്രദമായ ഡ്രൈവിങ്ങും അത്യാധുനിക സുരക്ഷ സന്നാഹങ്ങളൊന്നും താരതമ്യേന കരുത്ത് കുറഞ്ഞ ഈ വാഹനങ്ങളില്‍ പ്രതീക്ഷിക്കേണ്ടതില്ല.

OK Play