വില്ലീസ് ജീപ്പ് മുതല്‍ എന്‍ഡവര്‍ വരെയുള്ള വാഹനങ്ങളുമായി നിരത്തിലവര്‍ വീണ്ടുമിറങ്ങിയപ്പോള്‍ ആളുകള്‍ വീണ്ടും പറഞ്ഞു, 'ആഹാ, ഫ്രീക്കന്മാര്‍ വീണ്ടുമിറങ്ങിയല്ലോ'. അപ്പോളവരുടെ മറുപടി ഇങ്ങനെ-'ഇത് കളി വേറെയാണുട്ടാ, കളിയും അല്പം കാര്യവും.'

അതെ, തൃശ്ശൂര്‍ ജില്ലയില്‍ സാഹസിക ഡ്രൈവിങ്ങില്‍ താത്പര്യവും വൈദഗ്ധ്യവും ഉള്ള 40 കൂട്ടുകാര്‍ ഒരുമിക്കുകയാണ് എഫ്.എഫ്.ജെ.എ. അഥവാ ഫ്‌ളാറ്റ് ഫൈന്‍ഡേഴ്സ് എന്ന സംഘടനയിലൂടെ.

മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വഴികളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നുചെല്ലാന്‍ കഴിയും എന്നതാണ് ഓഫ് റോഡ് ഡ്രൈവര്‍മാരുടെ സവിശേഷത. തന്റേടവും ധൈര്യവും ഉണ്ടെങ്കില്‍ ഒരുകൈ നോക്കാന്‍ ഇതാ ഡ്രൈവര്‍മാര്‍ റെഡി. കഴിഞ്ഞ മഹാപ്രളയകാലത്താണ് ഫ്രീക്കന്‍ ജീപ്പുകള്‍കൊണ്ടും ഡ്രൈവര്‍മാരെക്കൊണ്ടും ഇത്തരം ഒരു ഉപകാരമുണ്ടെന്ന് നാട്ടുകാരറിയുന്നത്. അന്ന് സഹായവേളയില്‍ ഇറങ്ങിയ ഫ്രീക്കന്‍മാര്‍ തന്നെയാണ് ഇത്തരമൊരു കൂട്ടായ്മയുടെ ആശയവുമായി മുന്നിട്ടിറങ്ങിയതും.

off road jeep
ഫ്‌ളാറ്റ് ഫൈന്‍ഡേഴ്‌സ് റോഡ് ഷോയില്‍ അണിനിരന്ന വാഹനങ്ങള്‍

അംഗങ്ങളാവാം

ഡ്രൈവിങ്ങിനോടും വാഹനങ്ങളോടുമുള്ള ഇഷ്ടം തന്നെയാണ് പ്രധാനം. സാഹസിക ഡ്രൈവിങ്ങിനുള്ള മനസ്സുണ്ടായാല്‍ മാത്രം പോരാ മദ്യം, മയക്കുമരുന്ന് പോലുള്ളവ ഉപയോഗിക്കുന്നവരല്ലെന്ന് സംഘടനയ്ക്ക് ബോധ്യവും വേണം, എങ്കിലേ അംഗത്വമുള്ളൂ.

ഒറ്റപ്പെട്ടുകിടക്കുന്ന മേഖലകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തിടത്ത് പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ രക്ഷാസേനകള്‍ക്കൊപ്പം നാടിന്റെ ആവശ്യങ്ങളില്‍ ചേര്‍ന്നുനില്‍ക്കാന്‍ ഒരു സംഘടന എന്നതാണ് ഫ്‌ളാറ്റ് ഫൈന്‍ഡേഴ്സിന്റെ സാമൂഹിക പ്രസക്തി.

തൃശ്ശൂര്‍ ജില്ലയില്‍ ഓഫ്റോഡ് ഡ്രൈവിങ്ങില്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനത്തിന് കാര്യമായ അവസരങ്ങളില്ല. ഇടുക്കി, മലപ്പുറം പോലുള്ള ജില്ലകളെയോ ഇതരസംസ്ഥാനങ്ങളെയോ ആശ്രയിക്കണം. താത്പര്യമുള്ളവരെ ഒത്തുചേര്‍ത്ത് ഓഫ്റോഡ് ഡ്രൈവിങ്ങില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്.

പിന്റോ ജോയി പടമാടന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ മുതല്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന 40 പേരാണ് നിലവില്‍ അംഗങ്ങള്‍. സന്തോഷ്, സിബിന്‍, വിജിത്ത് ഷിഹാബ്, ഷമീര്‍ മിഥുന്‍ തുടങ്ങിയവരാണ് കൗണ്‍സില്‍ അംഗങ്ങള്‍. 

Contnet Highlights; Flat Finders Off Road Jeep Group, Flat Finders Road Show