ലോക്ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും നിര്‍ദേശങ്ങളില്‍ അശാസ്ത്രീയത ഏറെയെന്ന് പരാതി. ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ബസുകള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ ഓടാമെന്നാണ് നിര്‍ദേശമെങ്കിലും മിക്ക ബസുകളും ഓട്ടം പുനരാരംഭിച്ചിട്ടില്ല. ദിനംപ്രതി കുതിക്കുന്ന ഇന്ധനവിലയ്ക്ക് പുറമേ മറ്റ് നിരവധി കാരണങ്ങള്‍ ബസുടമകള്‍ക്ക് നിരത്താനുണ്ട്. ദിനംപ്രതി 460 ബസുകള്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍ താവക്കര പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് തിങ്കളാഴ്ച സര്‍വീസ് നടത്തിയത് 92 ബസുകള്‍ മാത്രമാണ്. ഓടാന്‍ അനുമതിയുള്ള മിക്ക ബസുകളും തിങ്കളാഴ്ച നിരത്തിലിറങ്ങിയില്ലെന്നാണ് ഈ കണക്ക് കാണിക്കുന്നത്.

അശാസ്ത്രീയത, ആശയക്കുഴപ്പം

ഒറ്റ നമ്പറിലും ഇരട്ട നമ്പറിലും അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബസുകള്‍ക്ക് നിശ്ചിതദിവസം ഓടാമെന്ന നിര്‍ദേശം സാരമായി ബാധിക്കുന്നത് ഉള്‍നാടന്‍ സര്‍വീസുകളെയാണ്. ഒരു റൂട്ടിലേക്ക് സര്‍വീസ് നടത്തുന്ന അഞ്ച് ബസുകളില്‍ നാലെണ്ണത്തിന്റേയും നമ്പര്‍ ഇരട്ടയാണെങ്കില്‍ ഈ നാല് ബസുകള്‍ക്കും ഒരേ ദിവസം സര്‍വീസ് നടത്താനാവില്ല. യാത്രക്കാരുടെ തിരക്കും ദുരിതവും വര്‍ധിക്കും എന്ന് മാത്രമാണ് ഇതിന്റെ ഫലം. ബസുകള്‍ കുറവായതിനാല്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ തിരക്ക് ഇരട്ടിയാവും. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്താനേ ഇതുപകരിക്കൂ.

ഒരു വ്യക്തിയുടെ ഉടമസ്ഥയിലുള്ളതും പാലക്കാട്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്നതുമായ 22 ബസുകളില്‍ 21 എണ്ണത്തിനും ഇരട്ട അക്കമാണ്. ഒരെണ്ണത്തിന് മാത്രം ഒറ്റയക്കം. 21 ബസുകള്‍ക്കും ആഴ്ചയില്‍ ഓടാന്‍ കിട്ടുന്നത് നാമമാത്രമായ ദിവസങ്ങള്‍. ഇതാണ് ഒന്നില്‍ കൂടുതല്‍ ബസുകളുടെ ഉടമകളായവര്‍ നേരിടുന്ന പ്രശ്‌നം. ലോക്ഡൗണ്‍ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കളക്ടറേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി കെ.എസ്.ആര്‍.ടി.സി. നിരത്തിലിറക്കിയ പ്രത്യേക സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് സ്വകാര്യ ബസുകളിലെ തിരക്ക് കൂടാനിടയാക്കിയിട്ടുണ്ട്.

വലഞ്ഞ് ഗ്രാമീണര്‍

പെരിങ്ങത്തൂര്‍-കരിയാട് റൂട്ടില്‍ നേരത്തേ ഓടിയിരുന്നത് ഏഴ് ബസുകളാണ്. നിലവില്‍ സര്‍വീസ് നടത്തുന്നതാകട്ടെ, രണ്ടെണ്ണവും. മുണ്ടരിമൊട്ട-ചെക്കിക്കുളം റൂട്ടില്‍ തിങ്കളാഴ്ച ഓടിയത് രണ്ട് ബസുകള്‍ മാത്രമാണ്. 15 ബസുകള്‍ ഓടിയിരുന്ന റൂട്ടാണിത്. യാത്രയ്ക്ക് പൊതുഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെയും ഗ്രാമീണരേയുമാണ് ഇത് സാരമായി ബാധിച്ചത്.

മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം ഒറ്റ-ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്തിത്തുടങ്ങിയത് ഇക്കഴിഞ്ഞ 18 മുതലാണ്. തിങ്കളാഴ്ച ഓടിയത് ഇരട്ട അക്ക നമ്പര്‍ ബസുകളാണ്. ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പറുകളാണ് ഓടുക. ചൊവ്വ, വ്യാഴം, വരുന്ന തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പറുകള്‍ക്ക് ഓടാനാണ് അനുമതി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ദിവസക്രമം പാലിച്ചാവും സര്‍വീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസിന് അനുമതിയില്ല.

Content Highlights: Odd-Even Number System Affect Private Bus Service