രാജ്യത്ത് വാഹനങ്ങളില്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ടുകോടി കടന്നു. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒരുവര്‍ഷംകൊണ്ട് 400 ശതമാനമാണ് വര്‍ധന. രാജ്യത്തെ പ്രതിദിന ടോള്‍പിരിവ് 92 കോടി രൂപയായി ഉയര്‍ന്നതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. 

ഒരുവര്‍ഷം മുമ്പ് ദിവസം 70 കോടി രൂപയായിരുന്നു ടോളായി ലഭിച്ചിരുന്നത്. ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ടോള്‍പിരിവിന്റെ 75 ശതമാനവും ഇതുവഴിയായി മാറിയിട്ടുണ്ട്.

ടോള്‍ ബൂത്തുകളില്‍ വാഹനനിര കാര്യമായി കുറയ്ക്കാനും കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍പേര്‍ ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് മാറാന്‍ തയ്യാറായതും ഫാസ് ടാഗ് ഉപയോക്താക്കളുടെ എണ്ണംകൂടാന്‍ കാരണമായി.

2021 ജനുവരി ഒന്നുമുതല്‍ നാലുചക്രവാഹനങ്ങള്‍ക്കെല്ലാം ഫാസ് ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതമന്ത്രാലയം കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. ഇതില്ലാത്ത വാഹന ഉടമകളില്‍നിന്ന് പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Number Of Fastag Users Cross Two Crores, 400 Percent Hike In One Year