നോയ്ഡ: ദേശീയ തലസ്ഥാന മേഖലയിലെ നോയ്ഡയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടിവരില്ല. നഗരത്തിന്റെ വിവിധയിടങ്ങളിലായി 100 ചാര്‍ജിങ് കേന്ദ്രങ്ങള്‍ വൈകാതെ ആരംഭിക്കും. ഇതുസംബന്ധിച്ച് നോയ്ഡ അതോറിറ്റിയും പൊതുമേഖലാ വൈദ്യുതക്കമ്പനിയായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡും (ഇ.ഇ.എസ്.എല്‍.) വ്യാഴാഴ്ച ധാരണാപത്രം ഒപ്പിട്ടു.

കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, നടത്തിപ്പ്, പരിപാലനം എന്നിവ ഇ.ഇ.എസ്.എല്‍. നടത്തും. ഇതിനുള്ള സ്ഥലം നോയ്ഡ അതോറിറ്റി വിട്ടുനല്‍കും. പൊതുസ്ഥലങ്ങളിലാണ് ഇവ ഏര്‍പ്പെടുത്തുക. ആവശ്യമുണ്ടെങ്കില്‍ പാര്‍പ്പിടമേഖലകളിലും ഭാവിയില്‍ അവ സ്ഥാപിക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഹരിതപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയെന്ന് നോയ്ഡ ചെയര്‍പേഴ്സണ്‍ അലോക് ടണ്‍ഡന്‍ പറഞ്ഞു.

ഇ.ഇ.എസ്.എല്ലില്‍നിന്ന് നോയ്ഡ അതോറിറ്റി അഞ്ച് ഇലക്ട്രിക് വാഹനങ്ങള്‍ പാട്ടത്തിനെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനോടകം രാജ്യതലസ്ഥാനത്തെ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ മേഖലയില്‍ 55 ഇലക്ട്രിക് വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇ.ഇ.എസ്.എല്‍. മാനേജിങ് ഡയറക്ടര്‍ സൗരഭ് കുമാര്‍ പറഞ്ഞു. ഗുരുഗ്രാം, ജയ്പുര്‍, ഹൈദരാബാദ്, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈ, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ സമാനപദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-മൊബിലിറ്റി പദ്ധതിപ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനായി ബോധവത്കരണപരിപാടികള്‍ രാജ്യമൊട്ടാകെ നടത്തിവരികയാണ്.

വായുമലിനീകരണം പ്രതിരോധിക്കാന്‍ ഫലപ്രദമായ പരിഹാരമാണ് ഇലക്ട്രിക് വാഹനങ്ങള്‍. പതിനായിരം ഇലക്ട്രിക് കാറുകള്‍ക്കുള്ള ഓഡര്‍ രണ്ടു വാഹനനിര്‍മാണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനോടകം 1,510 എണ്ണം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, കാബിനറ്റ് സെക്രട്ടേറിയറ്റ് തുടങ്ങിയവയടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഇവ ഉപയോഗിക്കാന്‍ വിട്ടുനല്‍കി.

സാധാരണഗതിയില്‍ ഒരു ചാര്‍ജിങ് കേന്ദ്രം സ്ഥാപിക്കാന്‍ രണ്ടുലക്ഷം രൂപയാണ് ചെലവ്. ഒരേസമയം നാലുവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ഒരുവാഹനം പൂര്‍ണമായി ചാര്‍ജാവാന്‍ 90 മിനിറ്റ് എടുക്കും. 170 രൂപയാണ് ഇതിനുള്ള നിരക്ക്. പൂര്‍ണമായി ചാര്‍ജ് ചെയ്ത വാഹനം 120 കിലോമീറ്റര്‍ സഞ്ചരിക്കും. 

Content Highlights; Noida to get 100 electric charging stations for electric vehicles, Electric vehicle policy, Electric vehicles in india, Electric charging stations