തൃശ്ശൂര്‍: വൈദ്യുതവാഹനങ്ങളുടെ പ്രചാരം കൂടുമ്പോഴും ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകളെ സംബന്ധിച്ച് വ്യക്തമായ നയമില്ലാത്തത് ദോഷമാവും. രണ്ടുവിധത്തിലുള്ള ചാര്‍ജിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. വീടുകളിലെ വൈദ്യുതിയിലും ബാറ്ററികളില്‍നിന്നും ചാര്‍ജ് ചെയ്യുന്നവയാണിവ. ബാറ്ററി ഉപയോഗിച്ചുള്ള ചാര്‍ജിങ്ങില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാറ്ററി 80 ശതമനവും ചാര്‍ജാകും. ഇതിന് എട്ടുലക്ഷത്തോളം ചെലവു വരും.

കുറഞ്ഞ സ്ഥലവും കുറച്ച് ചെലവുമുള്ള എ.സി. ചാര്‍ജിങ് സ്റ്റേഷനുകളായിരിക്കും മിക്കയിടങ്ങളിലും സ്ഥാപിക്കുക. വൈദ്യുത വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള എ.സി. ചാര്‍ജറിലേക്ക് കണക്ഷന്‍ കൊടുത്താല്‍ മതിയാകും. ഇത്തരമൊന്ന് സ്ഥാപിക്കാന്‍ ശരാശരി 50,000 രൂപയേ ചെലവ് വരൂ. എന്നാല്‍ ചാര്‍ജിങ്ങിന് ആറു മണിക്കൂറിലധികം വേണ്ടിവരും എന്നതാണ് പ്രശ്‌നം.

കാര്‍ ഷോറൂമുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ എങ്ങനെവേണമെന്ന് നിര്‍ദേശങ്ങളൊന്നുമില്ല. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും അവരുടെ ഔട്ട്‌ലെറ്റുകളുടെ ഭാഗമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഇന്ധന പമ്പുകളിലായിരിക്കും വലിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുക. ഡി.സി. ചാര്‍ജിങ് രീതിയിലുള്ളതായിരിക്കും ഈ സ്റ്റേഷനുകള്‍. വലിയ കാര്‍ നിര്‍മാണക്കമ്പനികള്‍ അവരുടെ ഷോറൂമുകളുടെ ഭാഗമായി ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകളാണ് നിര്‍മിക്കാനുദേശിക്കുന്നത്. 

Content Highlights; No specific policy for battery charging stations