ഡ്രൈവിങ്ങിനിടെ സെല്‍ഫിയെടുത്താല്‍ എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗമാണ്. 

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഇതില്‍ 94 ശതമാനം അപകടങ്ങളും ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം യു.എ.ഇ.യിലെ 74 ശതമാനം ഡ്രൈവര്‍മാരും വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളോടിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവരും കരുതിയിരുന്നോളു. 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ്. 

ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുക, ഷീഷ വലിക്കുക, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മേക്ക് അപ്പ് ചെയ്യുക, കണ്ണാടിയില്‍ നോക്കി മുടിയൊതുക്കുക എന്നീ പ്രവര്‍ത്തികളെല്ലാം എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കുന്ന നിയമലംഘനമാണ്.

Contentn Highlights: No Selfy and Make Up with Driving fine up to 800 Dirham