കോവിഡ് 19 മഹാമാരിക്കെതിരേ പോരാടാന്‍ കര്‍ണാടകയില്‍ ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ വരുമാനത്തിനായി ഓട്ടോ ഓടിക്കേണ്ട അവസ്ഥയിലാണ് ബല്ലാരിയിലെ ഈ മുതിര്‍ന്ന ഡോക്ടര്‍. ബല്ലാരി ജില്ലാ ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസറായിരുന്ന ഡോ. എം.എച്ച്. രവീന്ദ്രനാഥാണ് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നത്.
ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥയ്ക്കുകാരണമെന്ന് രവീന്ദ്രനാഥ് ആരോപിക്കുന്നു. രവീന്ദ്രനാഥ് ചുമതലയിലിരിക്കേ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതില്‍ സാങ്കേതികപിശകു സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തന്റെ പിഴവല്ലെന്നു രവീന്ദ്രനാഥ് തെളിയിച്ചെങ്കിലും കഴിഞ്ഞവര്‍ഷം ജൂണ്‍ ആറിന് സസ്‌പെന്‍ഷനിലായി.
ഇതേത്തുടര്‍ന്ന് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (കെ.എ.ടി.) പരാതി നല്‍കി. തുടര്‍ന്ന് രവീന്ദ്രനാഥിനെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് കെ.എ.ടി. നിര്‍ദേശം നല്‍കി. ഡിസംബറില്‍ കലബുറഗിയിലെ സെദാം ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി രവീന്ദ്രനാഥിനെ നിയമിച്ചു. തരംതാഴ്ത്തലായിരുന്നെങ്കിലും ജോലിക്ക് ഹാജരാവാന്‍ തീരുമാനിച്ചു.
ഇതിനിടെ ജില്ലാതലത്തിലുള്ള ആശുപത്രിയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എ.ടി.യെ സമീപിച്ചു. തുടര്‍ന്ന് ഒരു മാസത്തിനകം ജില്ലാതലത്തിലുള്ള ആശുപത്രിയില്‍ നിയമിക്കണമെന്ന് കെ.എ.ടി. ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയെങ്കിലും ഉത്തരവ് ഉദ്യോഗസ്ഥര്‍ അവഗണിച്ചതായി രവീന്ദ്രനാഥ് പറഞ്ഞു. ഇതുവരെ നിയമനം ലഭിച്ചിട്ടില്ല.
സ്ഥലംമാറ്റം ആവശ്യപ്പെട്ട് കത്തയച്ചപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സെദാം ആശുപത്രിയില്‍ തന്റെ സേവനം ആവശ്യമുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്വകാര്യ ക്ലിനിക് തുടങ്ങണമെങ്കില്‍ ലൈസന്‍സിനായി തന്നെ ഉപദ്രവിച്ച ഉദ്യോഗസ്ഥരുടെ അടുത്തുതന്നെ പോകേണ്ടിവരുമെന്നും അവര്‍ ലൈസന്‍സ് തരില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഓട്ടോ ഡ്രൈവറാകാന്‍ തീരുമാനിച്ചതെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ഡോക്ടര്‍ ഓട്ടോ ഡ്രൈവറായി മാറിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കുടുംബാരോഗ്യക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവൈദ് അക്തര്‍ പറഞ്ഞു.
Content Highlights: No Salary, Karnataka Government Doctor Turns To Driving For Income