റോഡ് നികുതി അടയ്ക്കാത്തതിന് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ സ്റ്റേഷനില്‍ കിടക്കുന്ന കാലയളവില്‍ നികുതി നല്‍കേണ്ടതില്ല. പോലീസും മോട്ടോര്‍വാഹനവകുപ്പും പിടിച്ചിട്ട വാഹനങ്ങള്‍ക്കാണ് നികുതിയിളവിന് ബജറ്റ് നിര്‍ദേശം.

ഇളവ് ലഭിക്കുന്നതിന് വാഹനം ഓടുന്നില്ലെന്ന് ഉടമ പ്രത്യേകം അപേക്ഷ (ജി ഫോം) നല്‍കേണ്ട. കസ്റ്റഡിക്കാലയളവ് നികുതിക്കായി കണക്കാക്കാതിരിക്കാന്‍ വാഹനം സ്റ്റേഷനിലാണെന്നതിന്റെ രേഖ മതി.

ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നികുതി കൂടുതലാണ്. ഇവ സ്റ്റേഷനുകളില്‍ കിടക്കുന്ന സമയംകൂടി നികുതിക്കായി പരിഗണിച്ചാല്‍ കുടിശ്ശിക ഗണ്യമായി ഉയരും. ഇതൊഴിവാക്കുന്നതോടെ വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ ഉപേക്ഷിക്കുന്ന പതിവ് കുറയുമെന്നാണ് നിഗമനം. മറ്റു കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പ്രത്യേകം അപേക്ഷിച്ചാല്‍ നികുതിയിളവ് കിട്ടും.

ഉപേക്ഷിക്കപ്പെട്ടതും കാലഹരണപ്പെട്ടതുമായ വാഹനങ്ങളുടെ നികുതിക്കുടിശ്ശിക അടയ്ക്കേണ്ട ബാധ്യത ഉടമയ്ക്കാണ്. ഒറ്റത്തവണ നികുതിയൊടുക്കി ഉടമകളുടെ പേരിലുള്ള റവന്യൂ റിക്കവറി ഒഴിവാക്കാനുള്ള അവസരം തുടരും. എന്നാല്‍, ഈ വാഹനങ്ങളുടെ കുടിശ്ശിക മോട്ടോര്‍വാഹന വകുപ്പിന്റെ ചുമലില്‍നിന്നു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

2007-നുമുമ്പ് രജിസ്റ്റര്‍ ചെയ്തതും പത്തുവര്‍ഷമായി ഒരു സേവനങ്ങള്‍ക്കും എത്താത്തതുമായ സ്വകാര്യവാഹനങ്ങളുടെയും 20 വര്‍ഷമായി എത്താത്ത പൊതുവാഹനങ്ങളുടെയും കുടിശ്ശികയാണ് മോട്ടോര്‍വാഹന വകുപ്പില്‍നിന്നു മാറ്റുക. 

എന്നാല്‍, ഉടമകളുടെ ബാധ്യത എഴുതിത്തള്ളില്ല. വാഹനം ഏതെങ്കിലും കാരണവശാല്‍ പിടികൂടിയാല്‍ അതുവരെയുള്ള നികുതിയും പിഴയും ഈടാക്കും. ഇപ്പോള്‍ 2500 കോടിരൂപയോളം നികുതിക്കുടിശ്ശിക സമാഹരിക്കാനുണ്ട്.

Content Highlights; No Road Tax For Police Seized Vehicles