വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെങ്കിലും പെട്രോള്‍, ഡീസല്‍ വണ്ടികള്‍ നിരോധിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. എഥനോള്‍, ബയോ-എല്‍.എന്‍.ജി., ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു.

2030-ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായി നിരോധിക്കാനാണ് പല രാജ്യങ്ങളുടേയും തീരുമാനം. എന്നാല്‍, ഇന്ത്യ അതാലോചിക്കുന്നില്ല. പകരം വൈദ്യുതിവാഹനങ്ങളും മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയും നിര്‍മിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കും. 

പല സംസ്ഥാന സര്‍ക്കാരുകളും വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ, മൂന്നു വര്‍ഷത്തിനകം കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും ഓഫീസുകളുടെയും മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക്കാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സര്‍ക്കാര്‍ വാഹനങ്ങളെല്ലാം വൈദ്യുതിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചിരുന്നു. കേന്ദ്ര ഊര്‍ജ പുനരുപയോഗ വകുപ്പ് മന്ത്രി രാജ് കുമാര്‍ സിങ്ങാണ് ഇതുസംബന്ധിച്ച് കത്തയച്ചത്.

Content Highlights: Strong Support for Electric Vehicles; No plans to ban petrol-diesel vehicles in India says minister Nitin Gadkari