വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ചരക്കുലോറികളില്‍ ചിലത് ഓടുന്നത് നമ്പര്‍ പ്ലേറ്റില്ലാതെ. ചരക്കുമായെത്തുന്ന ചില ലോറികളുടെ മുന്നില്‍ മാത്രമേ നമ്പര്‍ പ്ലേറ്റുള്ളൂ. പിറകില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്താതെയാണ് ലോറികളുടെ ഓട്ടം. 

വാഹനങ്ങളുടെ മുന്നിലും പിന്നിലും ഇരുവശങ്ങളിലും മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരത്തില്‍ വാഹനത്തിന്റെ നമ്പര്‍ എഴുതണമെന്നാണ് നിയമം. മുന്നിലുള്ള നമ്പര്‍തന്നെ ദൂരെനിന്ന് നോക്കിയാല്‍ വ്യക്തമാകാത്ത തരത്തിലാണ്. സി.സി.ടി.വി. ക്യാമറയില്‍പ്പോലും ഇവ തിരിച്ചറിയാനാവില്ല. അപകടങ്ങളുണ്ടായാല്‍ ഇത്തരം ലോറികളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

അപകടമുണ്ടായാല്‍ നിര്‍ത്താതെപോകുന്ന ഇത്തരം ലോറികളെ കണ്ടെത്താന്‍ കഴിയുന്നില്ല. ചാല-നടാല്‍ ബൈപ്പാസ് റോഡില്‍ നിരവധിയാളുകള്‍ക്ക് ലോറിയിടിച്ച് പരിക്കേറ്റിട്ടുണ്ട്. പിറകില്‍ നമ്പര്‍ ഘടിപ്പിച്ച ലോറികളാവട്ടെ അത് മറച്ചുവെച്ചാണ് ഓടുന്നത്. ഇതിനായി നമ്പര്‍ പ്ലേറ്റിനുമേല്‍ ഗ്രില്‍ പിടിപ്പിക്കുന്നു. 

ടാര്‍പോളിന്‍ കൊണ്ട് മൂടുന്നതുകാരണം നമ്പര്‍ തിരിച്ചറിയാനാകാത്ത അവസ്ഥയുമുണ്ട്. വിദൂരസ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളായതിനാല്‍ ചെളിയും പൊടിപടലങ്ങളും നമ്പര്‍ പ്ലേറ്റില്‍ കട്ടപിടിച്ചിട്ടുമുണ്ടാവും. 

ആറുമാസം മുന്‍പ് വളപട്ടണത്ത് ഇത്തരം ചരക്കുലോറിയിലെത്തിയ മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു. ആയുധങ്ങളുമായെത്തിയ ഇവര്‍ കട കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

രാത്രികാലങ്ങളില്‍ വാഹനപരിശോധന ശക്തമാക്കി ഇത്തരം വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.