ലക്ട്രിക് വാഹനങ്ങള്‍ സ്വന്തമായി ചാര്‍ജ് ചെയ്യാന്‍ വീടുകളിലും ഓഫീസുകളിലും പ്രത്യേക കണക്ഷന്‍ വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ്. നിലവിലുള്ള കണക്ഷനില്‍നിന്ന് വാഹന ബാറ്ററി ചാര്‍ജ്‌ ചെയ്യാന്‍ സൗകര്യമുണ്ടാക്കാം. വീട്ടിലാണെങ്കില്‍ വീട്ടിലെ വൈദ്യുതിയുടെ നിരക്ക് നല്‍കിയാല്‍ മതി. 

ഓഫീസുകളിലോ സ്ഥാപനങ്ങളിലോ ആണെങ്കില്‍ അവയ്ക്ക് ബാധകമായ നിരക്ക് നല്‍കണം. വ്യാവസായികാടിസ്ഥാനത്തിലുള്ള പൊതുചാര്‍ജിങ് സ്റ്റേഷനുകളിലെ ഉടമയ്ക്ക് വൈദ്യുതി ബോര്‍ഡ് അഞ്ചു രൂപ നിരക്കില്‍ വൈദ്യുതി നല്‍കും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോര്‍ഡ് ഇക്കാര്യങ്ങളില്‍ വ്യക്തതവരുത്തിയത്.

കാപ്ടീവ് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കും നിലവിലെ കണക്ഷന്‍ ഉപയോഗിക്കാം. വ്യാവസായികാടിസ്ഥാനത്തിലല്ലാതെ ഒരു സ്ഥാപനത്തിന്റെയോ സര്‍ക്കാര്‍ വകുപ്പിന്റെയോ കീഴിലുള്ളതോ വാഹനവ്യൂഹത്തിന്റെ ഉടമസ്ഥരുടെ സ്വന്തമോ ആയ ചാര്‍ജിങ് സ്റ്റേഷനുകളാണ് ഇവ. 

ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിരക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇവയ്ക്ക് നിരക്ക് നിശ്ചയിക്കുന്നതുവരെ നിലവിലുള്ള കണക്ഷനിലെ നിരക്ക് നല്‍കിയാല്‍ മതി.

Content Highlights: No Need Of Special Connection To Recharge Electric Vehicle Says Electricity Board