നികുതി അടയ്ക്കാതെ ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ആംബുലന്‍സുകള്‍ കൊച്ചി കേന്ദ്രീകരിച്ച് ഓടുന്നതായി മോട്ടോര്‍ വാഹനവകുപ്പ്. തിങ്കളാഴ്ച സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഛത്തീസ്ഗഢ് രജിസ്ട്രേഷനിലുള്ള ആംബുലന്‍സ് പിടികൂടിയപ്പോഴാണ് ആഡംബര വാഹനങ്ങള്‍ക്ക് പിന്നാലെ ആംബുലന്‍സുകളും നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയത്.

ഛത്തീസ്ഗഢില്‍ ആംബുലന്‍സായി രജിസ്റ്റര്‍ ചെയ്ത വാഹനം സര്‍വീസ് നടത്തിയിരുന്നത് കൊച്ചിയിലാണ്. മാസങ്ങളായി കേരളത്തിലായിരുന്നിട്ടും രജിസ്ട്രേഷന്‍ മാറ്റുകയോ ടാക്‌സ് അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായി.

രേഖകളില്ല, ഫിറ്റ്‌നസും

വാഹനത്തിന്റെ ഫിറ്റ്നസ് തീര്‍ന്നിട്ട് മാസം അഞ്ചു കഴിഞ്ഞു. ഈ അവസ്ഥയില്‍ രോഗിയുമായി അതിവേഗത്തില്‍ പോകുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സും ലഭിക്കില്ല. എന്‍.ജി.ഒ.യുടെ മറവിലാണ് ആംബുലന്‍സുകള്‍ നികുതിവെട്ടിച്ച് ഓടുന്നതെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു.

നിരവധി ഇതരസംസ്ഥാന വാഹനങ്ങളാണ് ജില്ലയില്‍ ഇത്തരത്തില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. കൃത്യമായ രേഖകളോ ഫിറ്റ്നസോ ഇല്ലാത്തവയാണ് ഇവയില്‍ പലതും. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് സമീപത്തുനിന്നാണ് ഈ ആംബുലന്‍സ് പിടികൂടിയത്.

രോഗിയുമായി പോകുകയായിരുന്ന വാഹനം പിന്തുടര്‍ന്ന് രോഗിയെ എത്തിച്ച് മടങ്ങുന്ന വഴിക്കാണ് പിടികൂടിയത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഭരത്ചന്ദ്രന്‍, കെ.എം. രാജേഷ്, കെ.എം. നജീബ്, ഡ്രൈവര്‍ വി.സി. സുരേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് മണിക്കൂറുകള്‍ നേരത്തേ നിരീക്ഷണത്തിനൊടുവില്‍ വാഹനം പിടികൂടിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

എന്തുകൊണ്ട് ഇതരസംസ്ഥാന വാഹനങ്ങള്‍...?

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞനിരക്കില്‍ ഇതരസംസ്ഥാനങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സാധനം കൈമാറാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് വ്യവസ്ഥ. അതിനുശേഷം തിരിച്ചുപോകുകയും വേണം. ഇവിടെ സര്‍വീസ് നടത്തണമെങ്കില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍.ടി. ഓഫീസില്‍നിന്ന് എന്‍.ഒ.സി. വാങ്ങി കേരള രജിസ്ട്രേഷനിലേക്ക് മാറ്റി റോഡ്‌നികുതി ഉള്‍പ്പെടെ അടയ്ക്കണം.

എന്‍.ഒ.സി. ലഭിക്കുന്നതുവരെ വാഹനം നിരത്തിലിറക്കരുത്. ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെങ്കില്‍ പ്രത്യേക അനുമതിയും വേണം. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യവാഹനങ്ങള്‍ കേരളത്തില്‍ മാത്രം ഓടുകയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നാണ് നിയമം.

Content Highlights: No Fitness, Chhattisgarh registered Ambulance caught in kochi, Other state ambulance, MVD Kerala