വാഹനമേഖലയിലെ ഏറ്റവും പുതിയ നേട്ടമാണ് ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം കാറുകളുടെ പരീക്ഷണം നടക്കുന്ന സാഹചര്യത്തില്‍ ഈ വാഹനങ്ങള്‍ ഉടന്‍ ഇന്ത്യയിലേക്ക് എത്തില്ലെന്ന് സൂചനയുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.

22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഞാന്‍ മന്ത്രിക്കസേരയില്‍ ഇരുക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ എത്തില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ഓട്ടോമൊബൈല്‍ അസോച്ചം മീറ്റിങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാഹന മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങളും ഉയര്‍ന്നുവരണം. താന്‍ പലപ്പോഴും നേരിടുന്ന ചോദ്യമാണ് ഇന്ത്യയില്‍ എപ്പോള്‍ ഡ്രൈവറില്ലാതെ ഓടുന്ന വാഹനം എത്തുമെന്നത്. എന്നാല്‍, ഞാന്‍ ഗതാഗത മന്ത്രി ആയിരിക്കുമ്പോള്‍ അതുണ്ടാവില്ലെന്നാണ് എന്റെ മറുപടിയെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ ഇപ്പോള്‍ വാഹന സ്‌ക്രാപേജ് പോളിസി നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. ഈ പോളിസി നടപ്പായാല്‍ നമ്മുടെ നിര്‍മാണ ചെലവ്  കുറയ്ക്കാന്‍ സാധിക്കും. ഇതുവഴി ഇ-വാഹനങ്ങളിലും ഓട്ടോമൊബൈല്‍ നിര്‍മാണത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Nitin Gadkari Says No Driverless Cars in India Till he is Transport Minister