പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
നോ പാര്‍ക്കിങ്ങ് ബോര്‍ഡുകളെ നോക്കുകുത്തികളാക്കിയുള്ള പാര്‍ക്കിങ്ങ് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. അനധികൃത പാര്‍ക്കിങ്ങിന് 500 രൂപ വരെ പിഴ ലഭിക്കുമെന്ന് ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതേ നോ പാര്‍ക്കിങ്ങ് ബോര്‍ഡിന് താഴെ വാഹനം നിര്‍ത്തിയിടുന്നവരാണ് ഭൂരിഭാഗം ആളുകളും. നഗരപ്രദേശങ്ങളില്‍ ഇത്തരം അനധികൃത പാര്‍ക്കിങ്ങ് വലിയ ഗതാഗത കുരുക്കുകളും ഉണ്ടാക്കാറുണ്ട്. ഇതിന് തടയിടാനുള്ള നിയമം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നിരത്തുകളിലും വഴിയോരങ്ങളിലും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയാനുള്ള നിയമം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് അറിയിച്ചിരിക്കുന്നത്. സുഗമമായ ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ ചിത്രമെടുത്ത് ബന്ധപ്പെട്ട അധികാരകള്‍ക്ക് കൈമാറുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുള്ളത്.
നോ പാര്‍ക്കിങ്ങില്‍ ഉള്‍പ്പെടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുന്നവര്‍ക്ക് പിഴ തുകയുടെ സമാനമായ തുകയാണ് സമ്മാനമായി നല്‍കുകയെന്നാണ് സൂചന. നിലവിലെ ഗതാഗത നിയമം അനുസരിച്ച് നോ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുന്നതിന് 500 രൂപയാണ് പിഴ ഈടാക്കുന്നത്. എന്നാല്‍, ഇത്തരം നിയമലംഘകരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കി 500 രൂപ ഈ ചിത്രം അയച്ച് തരുന്നയാള്‍ക്ക് സമ്മാനിക്കാനാണ് ആലോചിക്കുന്നത്.
ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പിഴ തുക ഇരട്ടിയാകുന്നതോടെ ഇത്തരത്തില്‍ നിയമം ലംഘിച്ചുള്ള പാര്‍ക്കിങ്ങ് കുറയാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനുപുറമെ, പ്രതിഫലം ഉറപ്പാക്കിയാല്‍ ഇത്തരം നിയമലംഘനങ്ങള്‍ ബന്ധപ്പെട്ട നിയമപാലകരെ അറിയിക്കാന്‍ ജനങ്ങളും കൂടുതല്‍ ഉത്ഹാസം കാണിക്കുമെന്നാണ് വിലയിരുത്തലുകള്‍.
വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് പകരം റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നതില്‍ നിതിന്‍ ഗഡ്കരി അതൃ്പതി പ്രകടിപ്പിച്ചു. എന്നാല്‍, പുതുതായി ഒരുക്കുമെന്ന് അറിയിച്ചിട്ടുള്ള നിയമത്തിന്റെ വിശദാംശങ്ങള്‍ നിതിന്‍ ഗഡ്കരിയോ ഗതാഗത മന്ത്രാലയമോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഈ നിയമം പാസാക്കിയാല്‍ അത് പാര്‍ക്കിങ്ങ് സംബന്ധിച്ച് നിയമലംഘങ്ങള്‍ ഒരുപരിധി വരെ തടയുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വിലയിരുത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..