കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന പദ്ധതിക്ക് എതിരേ നീതി ആയോഗും പരിസ്ഥിതി മന്ത്രാലയവും. ഇലക്ട്രിക് വാഹനം രാജ്യത്ത് യോജിച്ചതല്ലെന്ന നിര്‍ദേശമാണ് നീതി ആയോഗ് മുന്നോട്ടുവെച്ചിരിക്കുന്നത്. പകരം മെഥനോള്‍ എന്ന ഇന്ധനമാണ് വാഹനങ്ങള്‍ക്ക് യോജിച്ചതെന്നും നിര്‍ദേശത്തിലുണ്ട്.

ഇത് നടപ്പാക്കണമെന്ന ശുപാര്‍ശയുമായി പരിസ്ഥിതി മന്ത്രാലയവും രംഗത്തെത്തി. ഇലക്ട്രിക് വെഹിക്കിള്‍ മിഷന്‍ എന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രത്തിനെ നീതിആയോഗിന്റെ ശുപാര്‍ശ പ്രതിസന്ധിയിലാക്കി. ഇലക്ട്രിക് വെഹിക്കിള്‍ മിഷന്‍ എന്നതിന് പകരം ഹൈബ്രിഡ് വെഹിക്കിള്‍ പോളിസി എന്ന പേരിലാണ് ശുപാര്‍ശ പുറപ്പെടുവിച്ചിരിക്കുന്നത്.

2030-ല്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിരത്തിലുണ്ടാകുന്ന പദ്ധതിക്കായിരുന്നു കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്. ഇതിനാണ് ഇലക്ട്രിക് വെഹിക്കിള്‍ മിഷന്‍ ആവിഷ്‌കരിച്ചത്. മെഥനോള്‍ വാഹന ഇന്ധനമായും പാചക ഇന്ധനമായും ഉപയോഗിച്ചാല്‍ 2030-ല്‍ ഇന്ധന ഇറക്കുമതി കുറച്ച് പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കാമെന്നും ശുപാര്‍ശയിലുണ്ട്.

ബാറ്ററി നിര്‍മാണത്തിനായി ഇറക്കുമതി ചെയ്യുന്നവയും ഉപയോഗശൂന്യവുമായ സെല്ലുകള്‍ പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്.

പ്രധാന കണ്ടെത്തലുകള്‍

 • ഇലക്ട്രിക് വാഹനങ്ങള്‍ സാമ്പത്തികമായി നേട്ടമുള്ളവയല്ല
 • ഇവ ഏറെ നാള്‍ ഈട് നില്‍ക്കില്ല
 • ബാറ്ററി നിര്‍മാണത്തിനാവശ്യമായ ലിഥിയം യഥേഷ്ടം കിട്ടാനില്ല
 • ബാറ്ററി ചാര്‍ജിങ് കേന്ദ്രങ്ങള്‍ കുറേയധികം തുറക്കേണ്ടിവരും. ഇതിനായി വന്‍നിക്ഷേപം വേണ്ടി വരും
 • ബാറ്ററി ചാര്‍ജിങ് കേന്ദ്രങ്ങള്‍ രാജ്യത്തെ വൈദ്യുതി ലഭ്യതയെ ബാധിക്കും
 • ലിഥിയം അയേണ്‍ ബാറ്ററി നിര്‍മാണത്തിന് ചൈനയെ ആശ്രയിക്കേണ്ടി വരും
 • മെഥനോള്‍ രാജ്യത്ത് സുസ്ഥിരമായി സുലഭമായ വസ്തുവാണ്
 • ആവശ്യത്തിന് സിന്തറ്റിക് മെഥനോള്‍ നിര്‍മിക്കാനാകും
 • മെഥനോള്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമാണ്
 • മെഥനോള്‍ സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കാനാകും
 • ഇന്ത്യന്‍ റെയില്‍വേ മെഥനോളിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നുണ്ട്.

Content Highlights: Niti Aayog pitches for methanol-based hybrid vehicles over electric