സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ബസുകളില്‍ പുത്തന്‍പരീക്ഷണവുമായി കര്‍ണാടക ആര്‍. ടി.സി. ഇരുവശങ്ങളിലും രണ്ടുസീറ്റുകള്‍ എന്നതിനുപകരം ഓരോനിരയിലും ഇടവിട്ട് മൂന്നുസീറ്റുകള്‍ എന്നരീതിയില്‍ പുതിയ ക്രമീകരണമൊരുക്കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. 

ഇതോടെ ബസിന് ഇരുവശത്തും ഒരോസീറ്റുവീതവും നടുവിലായി മറ്റൊരുസീറ്റുമാണ് ഉണ്ടാകുക. ദീര്‍ഘദൂര ബസുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ക്രമീകരണം പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളൂരു-മൈസൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു രാജഹംസ ബസിലാണ് ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞദിവസം മുതല്‍ സര്‍വീസ് തുടങ്ങിയ ബസിനോട് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണുണ്ടാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പൂര്‍ണമായും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പുതിയ രീതിയിലൂടെ കഴിയുമെന്നാണ് കര്‍ണാടക ആര്‍.ടി.സി.യുടെ കണക്കുകൂട്ടല്‍. 

യാത്രക്കാരില്‍നിന്നും ജീവനക്കാരില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചശേഷം കൂടുതല്‍ ബസുകളില്‍ ഇതേരീതിയിലുള്ള സീറ്റീങ്ങ് സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. പുതിയ ക്രമീകരണമനുസരിച്ച് 39 സീറ്റുകളുള്ള ബസില്‍ 29 സീറ്റുകളാണുണ്ടാകുക. ഇതിനാല്‍ ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനയുണ്ടാകും.

കോവിഡ് ഭീതിയെത്തുടര്‍ന്ന് പലരും ബസ് യാത്ര ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് സീറ്റിങ് ക്രമീകരണം. ബസിനുള്ളില്‍ പൂര്‍ണമായും സാമൂഹികാകലം പാലിക്കുന്നതോടെ കൂടുതല്‍പേര്‍ യാത്രയ്ക്ക് ബസുകള്‍ തിരഞ്ഞെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

ബെംഗളൂരുവില്‍നിന്ന് വിവിധ നഗരങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങിയെങ്കിലും വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമാണുള്ളത്. നേരത്തേ ആന്ധ്രാപ്രദേശ് ആര്‍.ടി.സി.യും തങ്ങളുടെ ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സമാനമായ സംവിധാനം ഒരുക്കിയിരുന്നു.

Content Highlights: New Seating Arrangement In Karnataka RTC Buses To Ensure Social Distancing