വാഹന യാത്രകളില്‍ ഏറ്റവും അരോചകമായി തോന്നാറുള്ള ഒന്നാണ് മറ്റ് വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണ്‍ മുഴക്കല്‍. എന്നാല്‍, ഇത്തരം ഹോണുകള്‍ ആസ്വാദ്യകരമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളില്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദത്തിലുള്ള ഹോണുകള്‍ നല്‍കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പരിഗണിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള പരമ്പരാഗത ഹോണുകള്‍ക്ക് പകരം തബല, പുല്ലാങ്കുഴല്‍ തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്ദം പുറപ്പെടുവിക്കാന്‍ സാധിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയമം നിര്‍മിക്കുമെന്നാണ് സൂചനകള്‍. പുതിയ വാഹനങ്ങളില്‍ തന്നെ ഇത്തരം ഇന്ത്യന്‍ വാദ്യോപകരണങ്ങളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നാഗ്പൂരിലെ എന്റെ താമസസ്ഥലം 11-ാം നിലയിലാണ്. ദിവസേന രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യാറുണ്ട്. എന്നാല്‍, രാവിലെ നിരത്തുകളില്‍ നിന്ന് ഉയരുന്ന വാഹനങ്ങളുടെ ഹോണ്‍ മുഴക്കം പ്രഭാതത്തിന്റെ നിശബ്ദതയെ നഷ്ടപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിലാണ് വാഹനങ്ങളുടെ ഹോണുകള്‍ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാകണമെന്ന ചിന്ത എന്നിലുണ്ടാകുന്നത്. ഇത് എങ്ങനെ മാറ്റാം എന്നും ചിന്തിച്ച് തുടങ്ങിയതായി മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇതേതുടര്‍ന്നാണ് ഇന്ത്യയുടെ പരമ്പരാഗത വാദ്യോപകരണങ്ങളായ തലബ, താളവാദ്യം, വയലിന്‍, പുല്ലാങ്കുഴല്‍ തുടങ്ങിയവയുടെ ശബ്ദത്തില്‍ വാഹനങ്ങളുടെ ഹോണുകള്‍ മാറുന്നതിനെ കുറിച്ച് ചിന്തിച്ചത്. ഇത്തരത്തിലുള്ള മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളെന്നും മന്ത്രി അറിയിച്ചു. ഇത് യാഥാര്‍ഥ്യമാക്കാനുള്ള നിയമം നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഹോണിന്റെ ശബ്ദം സംബന്ധിച്ച് നിബന്ധനകള്‍ മോട്ടോര്‍ വാഹന നിയമത്തിലുണ്ട്.

Content Highlights: New Rules To Make Car Horns Sound Like Musical Instruments