താഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് മോട്ടോര്‍വാഹനവകുപ്പ് സമര്‍പിച്ച കരട് നിര്‍ദേശം നിയമവകുപ്പിന്റെ പരിഗണനയില്‍. നിയമവകുപ്പിന്റെ ശുപാര്‍ശ സഹിതമുള്ള റിപ്പോര്‍ട്ട് ബുധനാഴ്ച സര്‍ക്കാരിന് കൈമാറും.

കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ സംസ്ഥാനത്തിന് പിഴ തുക നിശ്ചയിക്കാന്‍ അനുമതിയുള്ള ഏഴ് നിയമലംഘനങ്ങള്‍ക്ക് പുറമേ മറ്റുള്ളവയ്ക്കും കുറഞ്ഞ പിഴ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് നിയമപ്രാബല്യമുണ്ടോയെന്നാണ് ഉപദേശം തേടിയത്.

നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഈടാക്കേണ്ട പിഴ നിരക്കും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചിലമാറ്റങ്ങളോടെയാകും സര്‍ക്കാര്‍ അംഗീകരിക്കുക.

കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചല്ല കേന്ദ്രനിയമത്തില്‍ പിഴ നിശ്ചയിച്ചിട്ടുള്ളതെന്നാണ് സംസ്ഥാനത്തിന്റെ പരാതി. കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനുള്ള പിഴ സംബന്ധിച്ചാണ് ഏറെ ആരോപണം. വ്യക്തികളുടെ നേരിട്ടുള്ള സുരക്ഷാ കാര്യങ്ങളില്‍ അത്ര കടുംപിടിത്തം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം ഡ്രൈവറുടെ പിഴവുകാരണം മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍പ്പെടാനിടയുള്ള കുറ്റകൃത്യങ്ങളില്‍ കാര്യമായ ശിക്ഷ കുറയ്‌ക്കേണ്ടെന്നും കരട് നിര്‍ദേശത്തിലുണ്ട്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ് എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.

കേന്ദ്രനിയമം അനുശാസിക്കുന്നതില്‍നിന്ന് പിഴകുറച്ചാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. എന്നാല്‍ സംസ്ഥാനങ്ങള്‍ പിഴ കുറച്ചതിനെ സുപ്രീംകോടതി അംഗീകരിച്ച കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമവിഭാഗം നീങ്ങുന്നത്. നിയമസെക്രട്ടറിയുടെ അന്തിമറിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും. പെരുമാറ്റച്ചട്ടം തടസ്സമാകാനിടയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താകും പിഴ കുറയ്ക്കല്‍ നടപ്പാക്കുക.

Content Highlights: New Penalty For Traffic Rule Violations; Final Decision Is Up To Law Department