രുപാട് സ്വപ്‌നം കണ്ട് സ്വന്തമാക്കുന്ന വാഹനത്തില്‍ ഒരു പോറലേല്‍ക്കുന്നത് പോലും ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. അപ്പോള്‍ ഷോറൂമില്‍ നിന്ന് പുതിയ വണ്ടി എടുത്ത് പുറത്തിറങ്ങുന്നത് തന്നെ അപകടത്തിലേക്ക് ആകുന്നത് ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഒരു അപകടമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഷോറൂമില്‍ നിന്ന് ഡെലിവറിയെടുത്ത് പുറത്തിറങ്ങുന്ന കിയ കാര്‍ണിവല്‍ എംപിവിയാണ് അപകടത്തില്‍ പെടുന്നത്. ഷോറൂമില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയ കാര്‍ണിവല്‍ തൊട്ടുമുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലം കൃത്യമായി അറിയില്ലെങ്കിലും തമിഴ്‌നാട്ടിലെവിടെയോ ആണെന്നാണ് സൂചനകള്‍.

കാര്‍ണിവലിന്റെ ഓട്ടോമാറ്റിക് മോഡലാണ് അപകടത്തില്‍ പെട്ടത്. ഓട്ടോമാറ്റിക് വാഹനമോടിക്കുന്നതിലെ പരിചയ കുറവാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. വാഹനമെടുക്കുന്നതിന് മുമ്പ് കിയയുടെ ജീവനക്കാരന്‍ വാഹനത്തെ പറ്റി വിശദീകരിക്കുന്നത് വീഡിയോയിലുണ്ട്. അപകടം നടക്കുമ്പോള്‍ അദ്ദേഹവും വാഹനത്തിലുണ്ടായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തിന് കാര്യമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ മുന്‍നിരയിലെ രണ്ട് എയര്‍ബാഗുകളും റിലീസ് ആയിട്ടുണ്ടെന്ന് വിഡിയോയില്‍ കാണാം. അപകടത്തിന് ശേഷം വാഹനം ഓടിച്ചുകൊണ്ടാണ് അവിടെ നിന്നും മാറ്റുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കിയ കാര്‍ണിവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആഡംബര എംപിവി മോഡലായ കാര്‍ണിവലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന കാര്‍ണിവലിന് 24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് മാനുവല്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ എംപിവിയില്‍ ട്രാന്‍ഷ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: New Kia Carnival Accident, SUV Rams Into Showroom Wall